തിരുവനന്തപുരം - മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജേർജ് പറഞ്ഞു. 'അതിനോടൊന്നും എനിക്ക് പ്രതികരിക്കാനില്ല. നിങ്ങൾ കാണുന്നതുപോലെ ഞാൻ നല്ല ജോലിത്തിരക്കിലാണ്. ഇഷ്ടംപോലെ ജോലിയുണ്ടെന്നു'മായിരുന്നു ഷാജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനിടെ, സ്ത്രീവിരുദ്ധ പരാമർശം ചൂണ്ടിക്കാട്ടി കെ.എം ഷാജിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപോർട്ട് ആവശ്യപ്പെട്ടതായും കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി മാധ്യമങ്ങളെ അറിയിച്ചു.
ഷാജിയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ്. തന്റെ കർമരംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട പദപ്രയോഗങ്ങളിലൂടെ ഷാജി അപമാനിച്ചത്. ഇത്തരത്തിൽ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയിലെ 'സാധനം' എന്ന വാക്ക് തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നതെന്ന് തെളിയിക്കാൻ. മുമ്പ് നമ്പൂതിരി സമുദായത്തിനിടയിലുണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം' എന്നത്. ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം പരാമർശങ്ങൾ. ആധുനിക കാലത്തും പിന്തിരിപ്പൻ ചിന്ത വളർത്തുന്ന ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാവണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.