Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശിയുടെ അഭിമുഖം; വീക്ഷണം സുവ്യക്തം, നിലപാട് സുദൃഢം

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖം

മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരീഖ് മിശ്ഖസ് വിലയിരുത്തുന്നു. 

പരിവർത്തനത്തിന്റെ പാതയിൽ അതിദ്രുതം വിജയക്കുതിപ്പ് നടത്തുന്ന സൗദി അറേബ്യ, അറബ് മേഖലയുടെയാകെ മുഖം മിനുക്കുന്നതിൽ വഹിച്ചുകൊണ്ടിരിക്കുന്ന നേതൃപരവും സുശക്തവുമായ പങ്കാളിത്തത്തെക്കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്താണ് പറയുന്നതെന്ന് കേൾക്കാനും കാണാനും സാകൂതം കാതോർത്തിരിക്കുകയായിരുന്നു ദശലക്ഷക്കണക്കിനാളുകൾ. സൗദിയുടെ വളർച്ചാനിരക്കിന്റെ ഔന്നത്യത്തിൽ അങ്ങേയറ്റം അഭിമാനം കൊള്ളുന്നതായുള്ള എം.ബി.എസിന്റെ പ്രസ്താവനയിൽ ജി-20 ഉച്ചകോടിയിലെ സൗദിയുടേയും ഇന്ത്യയുടേയും വളർച്ചാനിരക്കിന്റെ ഗ്രാഫിനേയും പരാമർശിക്കുകയുണ്ടായി. വളർച്ചാനിരക്കിലെ കുതിപ്പിന്റെ കാര്യത്തിൽ ഇന്ത്യയുമായി ആരോഗ്യകരമായൊരു മൽസരമാണ് സൗദിയുടേതെന്നും അദ്ദേഹം സൂചിപ്പിച്ചു. 


താരീഖ് മിശ്ഖസ്
എഡിറ്റര്‍ ഇന്‍ ചീഫ്, മലയാളം ന്യൂസ്

രാജ്യത്തിന്റെ സമസ്തമേഖലകളിലും വൻനേട്ടങ്ങൾ കൈവരിക്കുന്നതിൽ കിരീടാവകാശി എത്രമാത്രം പ്രതിജ്ഞാബദ്ധതയാണ് കാത്ത് സൂക്ഷിക്കുന്നതെന്നും എത്ര മാത്രം വേഗതയോടെയാണ് മുന്നോട്ടുചലിക്കുന്നതെന്നും ലക്ഷ്യസാക്ഷാൽക്കാരത്തിലേക്കുള്ള ദൂരമടുക്കുന്നതെന്നും പകൽപോലെ വ്യക്തമായി കാണാൻ കഴിയുന്നു. ഇനി ലക്ഷ്യം വിഷൻ - 2040. വിഷൻ 2030 - ന്റെ പൂർത്തീകരണം ഏറെക്കുറെ സഫലമാകുന്നു. പദ്ധതികളുടെ ആസൂത്രണത്തെക്കാൾ അതിവേഗതയോടെയാണ് അവയത്രയും പ്രാവർത്തികമാക്കപ്പെടുന്നതെന്നർഥം. നിശ്ചിത സമയത്തിനു മുമ്പേ തന്നെ പല പ്രധാന പ്രൊജക്ടുകളും ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. അത് കൊണ്ടാണ് വരുന്ന മൂന്നോ നാലോ വർഷത്തിനകം വിഷൻ-2040 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്ന് എം.ബി.എസ് പറയാൻ കാരണം.
ഫോക്‌സ് ടി.വി അവതാരകൻ, സൗദി മന്ത്രിമാരോട് ചോദിക്കുന്നുണ്ട്: എം.ബി.എസിനോടൊപ്പമുള്ള ഔദ്യോഗിക കൃത്യനിർവഹണത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
 താങ്കൾ സദയം അദ്ദേഹത്തോട് ചോദിക്കൂ. അങ്ങയുടെ മന്ത്രിസഭാംഗങ്ങൾക്ക് എട്ടുമണിക്കൂർ ഉറങ്ങാനുള്ള സമയം അനുവദിച്ചു കൊടുക്കാമോ? 
സരസമായ ഈ മറുപടിയിൽ തെളിയുന്ന കാര്യമിതാണ്. വിശ്രമരഹിതവും കഠിനവുമായ ജോലിയും കനത്ത ഉത്തരവാദിത്തവുമാണ് മന്ത്രിമാരുടെ ചുമലിൽ അർപ്പിതമായിരിക്കുന്നത്. അത്യാധുനികമായ രാഷ്ട്രനിർമിതിയിൽ മന്ത്രിമാരേയും ഉദ്യോഗസ്ഥരേയുമെല്ലാം കർമനിരതമാക്കുകയെന്ന ക്രാന്തദർശിയായ ഭരണാധികാരിയുടെ നിലപാടാണ് ഈ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത്.
ഇറാനുൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ സമ്പൽ സമൃദ്ധിയും സർവതോന്മുഖമായ പുരോഗതിയും തന്റെ ലക്ഷ്യങ്ങളിൽപെടുന്നുവെന്ന് എം.ബി.എസ് അഭിമുഖത്തിൽ ഊന്നിപ്പറയുന്നുണ്ട്. ഇറാനുമായി നല്ല ബന്ധമാണ് സൗദി കാംക്ഷിക്കുന്നത്. ഇറാഖ് മുഖേന ഇറാൻ, സൗദിയെ സമീപിച്ചതും ഉഭയകക്ഷിബന്ധം സുദൃഢമാക്കുന്നതിനെക്കുറിച്ച് പുനരാലോചന നടത്തിയതും ഈ രംഗത്തെ ശുഭോദർക്കമായ കാര്യമായി എം.ബി.എസ് വിശേഷിപ്പിച്ചു. ഏതായാലും നല്ല ബന്ധങ്ങളുടെ പാതയാണ് തെളിഞ്ഞുവരുന്നത്. അത് പോലെ റഷ്യയുമായും ഉക്രൈനുമായും ഒരു പോലെ സൗഹൃദമാണ് സൗദി ആഗ്രഹിക്കുന്നത്. എം.ബി.എസിനെ സംബന്ധിച്ചേടത്തോളം റഷ്യയുമായും ഉക്രൈനുമായും നല്ല ബന്ധമാണുള്ളത്. ഇരു രാഷ്ട്രങ്ങളുടേയും നിലപാടിനെക്കുറിച്ച് മികച്ച അവബോധവുമുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്ന നിലയിൽ ചൈനയുടെ നിലനിൽപും വളർച്ചയും അയൽപക്കബന്ധങ്ങളും സജീവപരിഗണനയിലുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ. ലോകസമ്പദ്ഘടനയുടെ പതിമൂന്ന് ശതമാനവും ആഗോള ജനസംഖ്യയുടെ 15 ശതമാനവും സ്വന്തമായുള്ള ചൈന എന്ന മഹാരാജ്യത്തിന്റെ പതനം ആരും ആഗ്രഹിക്കുന്നില്ല. ചൈനയുടെ തകർച്ചയെന്നാൽ ലോകത്തിന്റെ തകർച്ചയെന്നാണർഥം.
വൈകാരികവും സങ്കീർണവുമായ എല്ലാ ചോദ്യങ്ങളേയും ഫോക്‌സ് അഭിമുഖത്തിൽ നിശിതമായ മറുപടി കൊണ്ട് നേരിടുന്ന എം.ബി.എസിനെയാണ് ലോകം ദർശിച്ചത്. ഇസ്രായിലുമായുള്ള സൗദി സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് എം.ബി.എസിന്റെ മറുപടി: ഇസ്രായിലുമായി നല്ല ബന്ധമാകാം. പക്ഷേ ഫലസ്തീനികളുടെ അവകാശസംരക്ഷണമെന്ന അതിപ്രധാനമായ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ല. അത്തരമൊരു നിലപാട് സ്വീകരിക്കുമ്പോൾ ഇസ്രായിലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം. 
സൗദി നിയമങ്ങൾ സംബന്ധിച്ച ചില കാര്യങ്ങളിൽ ആശാസ്യമല്ലാത്ത വകുപ്പുകളുണ്ടെന്നും അവ എത്രയും വേഗത്തിൽ പരിഷ്‌കരിക്കാൻ വിദഗ്ധരായ നൂറ് 
നിയമജ്ഞരെ നിയോഗിച്ചിട്ടുണ്ടെന്നും എം.ബി.എസ് ചൂണ്ടിക്കാട്ടി. ലോകം ശ്രദ്ധിച്ച അതീവ പ്രാധാന്യമുള്ളതും കാലികപ്രസക്തവുമായ ഈ അഭിമുഖത്തിൽ സൗദി കിരീടാവകാശി, സ്പഷ്ടവും സുതാര്യവുമായാണ് തന്റെ സുചിന്തിതമായ നയം ലോകത്തിനു മുമ്പിൽ പ്രകടിപ്പിച്ചത്. സൗദി സാമ്പത്തിക സ്ഥിതിയെക്കുറിച്ചായാലും അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതിയെക്കുറിച്ചായാലും അഭിമുഖകാരനിൽ നിന്നുയർന്ന ചോദ്യങ്ങൾക്കെല്ലാം പൊടുന്നനവെ മറുപടി പറയാനുള്ള സൂക്ഷ്മമായ സ്ഥിതി വിവരക്കണക്കുകൾ എം.ബി.എസിന് ഹൃദിസ്ഥമായിരുന്നു.
അത് കൊണ്ട് തന്നെ അടുത്ത കാലത്ത് ടെലിവിഷൻ പ്രേക്ഷകലോകം ശ്രദ്ധിച്ച ഏറ്റവും വിഖ്യാതമായ ഈ അഭിമുഖം ആഗോള രാഷ്ട്രീയഭൂമികയിലെ വ്യതിരിക്തത നിറഞ്ഞ അനുഭവമാക്കി മാറ്റി.

Latest News