റിയാദ്- സൗദി അറേബ്യയുടെ സുരക്ഷാസന്നാഹങ്ങള്‍ അടുത്തറിയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സിബിഷനിലേക്ക് വിദേശികളടക്കമുള്ളവരുടെ ഒഴുക്ക്. ദേശീയ ദിനത്തിന്റെ ഭാഗമായി റിയാദ് വിമാനത്താവളത്തിന് സമീപം റോഷന്‍ ഫ്രന്റ് (റിയാദ് ഫ്രന്റ്) കോമ്പൗണ്ടില്‍ ആഭ്യന്തരമന്ത്രാലയം ഒരുക്കിയ ഇസ്സുല്‍ വത്വന്‍ എന്ന എക്‌സിബിഷനിലേക്കാണ് കഴിഞ്ഞ രണ്ടുദിവസമായി സന്ദര്‍ശകര്‍ ഒഴുക്ക് തുടരുന്നത്. എക്‌സിബിഷന്‍ നാളെ (ഞായര്‍) അവസാനിക്കും.
ജവാസാത്ത്, പോലീസ്, ട്രാഫിക്, അതിര്‍ത്തി സുരക്ഷ, വ്യവസായ സുരക്ഷ, ജയില്‍, ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും വകുപ്പ, റോഡ് സുരക്ഷ വിഭാഗം, പരിസ്ഥിതി സുരക്ഷ, സിവില്‍ ഡിഫന്‍സ്, സിവില്‍ അഫയേഴ്‌സ്, ക്രൈം ബസ്റ്റിംഗ് റിസര്‍ച്ച് സെന്റര്‍, നാര്‍ക്കോട്ടിക്‌സ് വിഭാഗം, കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജ് തുടങ്ങിയ വിഭാഗങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.|جانب من المعرض المصاحب لفعاليات (عز الوطن 2) احتفاءً بذكرى اليوم الوطني الـ (93) للمملكة.
— الجوازات السعودية (@AljawazatKSA) September 22, 2023
#اليوم_الوطني_السعودي_93
#نحلم_ونحقق pic.twitter.com/2IG2ik6sZv
ഒരു കാലത്ത് റിയാദിലുണ്ടായിരുന്ന നജ്ദിയന്‍ പോലീസ് വേഷവും അവരുടെ പോലീസ് വാഹനവും മുതല്‍ ആധുനിക പോലീസ് വാഹനം വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. വനിതകളും പുരുഷന്മാരുമായ എല്ലാ വിഭാഗം സുരക്ഷ ഉദ്യോഗസ്ഥരും അവരുടെ യൂണിഫോമിലെത്തിയാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. വിവിധ ഉദ്യോഗസ്ഥര്‍, അവരുടെ ഔദ്യോഗിക വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവക്കൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരം പ്രധാനപ്പെട്ടതാണ്. മറ്റു സമയങ്ങളില്‍ ഫോട്ടോ നിരോധിതമാണ് ഇവയെല്ലാം. തോക്കുകളില്‍ ഉന്നം വെക്കാനും മയക്കുമരുന്ന്, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടുപിടിക്കാനുള്ള അത്യാധുനിക ഉപകരണങ്ങള്‍, താഴെയുള്ള കാര്യങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന സൈനിക ഡ്രോണുകള്‍, കവചിത, ബുള്ളറ്റ്ബ്രൂഫ് വാഹനങ്ങള്‍, ഏറ്റവും നൂതന വിവിധ തരം തോക്കുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആവശ്യാനുസരണം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചുതരും. രാജ്യസുരക്ഷക്ക് ഉദ്യോഗസ്ഥരെടുക്കുന്ന കഠിനപ്രയത്‌നങ്ങളെ മനസ്സിലാക്കുന്നതിനൊപ്പം അവരുമായി അടുത്തിടപഴകാനും ഈ പ്രദര്‍ശനം അവസരം നല്‍കുന്നു. തീവ്രവാദികളുമായും മറ്റുമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരായ രക്ഷസാക്ഷികളുടെ ഓര്‍മചിത്രവും കടന്നാണ് എക്‌സിബിഷനില്‍ കയറേണ്ടത്.
പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമില്ലെങ്കിലും ടിക്കറ്റ് മാക്‌സ് ആപ്ലിക്കേഷനില്‍ നിന്ന് സൗജന്യടിക്കറ്റെടുക്കണം. വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാണ് പ്രവേശന സമയം.