കോട്ടയം - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി അച്ചടക്കസമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഉമ്മൻചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എല്ലാവർക്കും പൂർണ യോജിപ്പാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. അച്ചു മിടുമിടുക്കിയാണ്. എന്നാൽ, സ്ഥാനാർത്ഥിത്വത്തിലും മറ്റും പാർട്ടിക്കൊരു ശീലമുണ്ട്. അതനുസരിച്ചാണ് ഇക്കാര്യങ്ങളൊക്കെ വരിക. അച്ചു ഉമ്മൻ ഒരു വ്യക്തിയെന്ന നിലയിൽ മിടുമിടുക്കിയാണ്. ഞങ്ങൾക്കെല്ലാം പരിപൂർണ്ണ സമ്മതമുള്ള കൊച്ചു മോളാണ്. അതിലെല്ലാം പൂർണ യോജിപ്പാണ്. എന്നാൽ പാർട്ടിയാണ് ആര് സ്ഥാനാർത്ഥിയാവണം, വേണ്ട എന്നെല്ലാം തീരുമാനിക്കേണ്ടത്. അത് അതിന്റേതായ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂവെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
അച്ചു ഉമ്മൻ കോട്ടയത്ത് മത്സരിച്ചാൽ കേരള കോൺഗ്രസിൽനിന്നും സീറ്റ് തിരിച്ചുപിടിക്കാനാവുമെന്നും അച്ചുവിന്റെ ഷാർപ്പായ ഇടപെടലുകൾ യു.ഡി.എഫ് രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമെന്നും പൊതുവെ അഭിപ്രായമുണ്ട്. എന്നാൽ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തുതന്നെ അച്ചു രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും തങ്ങളുടെ വീട്ടിലെ രാഷ്ട്രീയക്കാരനും അച്ഛന്റെ പിൻഗാമിയും ചാണ്ടി ഉമ്മനാണെന്നും പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ വിവാദങ്ങളിലും മറ്റും അച്ചു ഉമ്മൻ നടത്തിയ പ്രതികരണങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്വീകാര്യത നേടിയിരുന്നു. അച്ചുവിന്റെ പക്വതയും പാകതയുമുള്ള നിലപാടുകളും തെളിച്ചമുള്ള നിരീക്ഷണങ്ങളും കോൺഗ്രസ് ഉപയോഗപ്പെടുത്തണമെന്ന് പാർട്ടിക്കകത്തും മുന്നണിയിലും പൊതുവെ ചർച്ചയായിരുന്നു.
'കണ്ടന്റ് ക്രിയേഷൻ' എന്ന കലയെ ആശ്‌ളേഷിച്ച് താൻ വീണ്ടും ഗൾഫിൽ ജോലിയിൽ തിരിച്ചെത്തിയതായി അച്ചു ഉമ്മൻ പുതിയ ചിത്രം പങ്കുവെച്ച് ഈയിടെ സമൂഹമാധ്യമത്തിൽ അറിയിച്ചിരുന്നു.