Sorry, you need to enable JavaScript to visit this website.

സീറ്റുകള്‍ തിരികെ പിടിക്കാന്‍ ശൈലജ ടീച്ചറെയും മറ്റു പ്രമുഖരേയും 2024ല്‍ സി.പി.എം രംഗത്തിറക്കും 

കണ്ണൂര്‍-2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ നേതാക്കളെ മത്സരിപ്പിക്കാന്‍ സിപിഎം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇത്തവണ പകരംവീട്ടണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ജനകീയ നേതാക്കള്‍ മത്സരരംഗത്തുണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സിറ്റിങ് എംഎല്‍എമാര്‍ അടക്കം ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് വിവരം.
കണ്ണൂര്‍ സീറ്റ് പിടിക്കാന്‍ മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ കെ.കെ.ശൈലജയെ ആണ് സിപിഎം നിയോഗിക്കുക. കഴിഞ്ഞ തവണ പി.കെ.ശ്രീമതിയാണ് ഇവിടെ മത്സരിച്ചത്. കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോള്‍ കെ.സുധാകരന്‍ കണ്ണൂരില്‍ നിന്ന് എളുപ്പം ജയിച്ചു കയറി. എന്നാല്‍ ഇത്തവണ ശൈലജ ടീച്ചറുടെ ജനകീയത വോട്ടാക്കി കണ്ണൂര്‍ ലോക്സഭാ സീറ്റ് പിടിച്ചെടുക്കണമെന്നാണ് സിപിഎം നിലപാട്. കണ്ണൂര്‍ മത്സരിക്കാന്‍ ശൈലജയും തയ്യാറാണ്. മുന്‍ മന്ത്രി തോമസ് ഐസക് പത്തനംതിട്ടയില്‍ മത്സരിച്ചേക്കും. പാര്‍ലമെന്റേറിയന്‍ പ്രവര്‍ത്തനങ്ങളില്‍ തിളങ്ങിയിട്ടുള്ള തോമസ് ഐസക്കിന് പത്തനംതിട്ടയില്‍ വന്‍ സ്വീകാര്യതയുണ്ട്. കെ.ടി.ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ട എം.സ്വരാജിന് ലോക്സഭയിലേക്ക് അവസരം നല്‍കാനാണ് സിപിഎമ്മിന്റെ തീരുമാനം. കോണ്‍ഗ്രസിന് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമാണെങ്കിലും സ്വരാജിനെ പോലൊരു ജനകീയ നേതാവിന് അവിടെ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.


 

Latest News