കാസർകോട്- ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയി എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു.
ഫാർമേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗം തീരുന്നതിന് മുമ്പ് അനൗൺസ്‌മെന്റ് വന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയിരുന്നു. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും അനൗൺസ്മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
താൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടില്ല. സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ പ്രസംഗിക്കുന്നത് ശരിയായ രീതിയല്ല എന്ന് മുഖ്യമന്ത്രി പറയുന്നതിന് ഇടയിലും അനൗൺസ്മെന്റ് തുടരുകയായിരുന്നു. ഇതിനിടെ അയാൾക്ക് ചെവിടും കേൾക്കുന്നില്ലേ എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. ഇതൊന്നും ശരിയായ ഏർപ്പാടല്ലല്ലോ, ഞാൻ പ്രസംഗിച്ച് അവസാനിച്ചല്ലല്ലേ ഇങ്ങിനെ അനൗൺസ്മെന്റ് ചെയ്യുക എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിന് ശേഷം ഇരിപ്പിടത്തിലേക്ക് തിരിച്ചു വരാതെ മുഖ്യമന്ത്രി വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എൻജിനീയർമാരുടെ പേര് പറഞ്ഞുള്ളതായിരുന്നു അനൗൺസ്മെന്റ്.
സി.പി.എമ്മിന്റെ കാസർഗോഡ് ജില്ലയിലെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് ബേഡഡുക്ക. ഇവിടെയാണ് പാർട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു അടക്കമുള്ളവർ വേദിയിരിക്കെയാണ് സംഭവം.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പോലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു.