റിയാദ്- നാലാമത്തെയും അൻപത്തിരണ്ടാം മിനിറ്റിലെയും ഓരോ ഗോളുകൾ. സൗദി റോഷൻ ലീഗ് ഫുട്‌ബോളിൽ അൽ നസറിനെ വിജയിത്തിലേക്ക് നയിച്ച് ക്രിസ്റ്റ്യാനോ റൊണാൾോഡയുടെ കാലുകളിൽനിന്ന് ഗോളുകൾ പിറന്ന നിമിഷമായിരുന്നു അത്. അവസാന നിമിഷം വരെ പോരാട്ടവീര്യം കാത്തുസൂക്ഷിച്ച അൽ അഹ്ലിയെ മൂന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിക്കാനുള്ള കരുത്ത് അൽ നസ്‌റിന് നൽകിയത് ക്രിസ്റ്റ്യാനോയുടെ പോരാട്ടവീര്യമായിരുന്നു.
നാലാമത്തെ മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി വെച്ച ഗോൾ വേട്ട പതിനേഴാമത്തെ മിനിറ്റിൽ ആൻഡേഴ്‌സൺ ടാലിസ്‌കയിലൂടെ ഇരട്ടിയായി. എന്നാൽ മുപ്പതാമത്തെ മിനിറ്റിൽ മുൻ ബാഴ്സലോണ മിഡ്ഫീൽഡർ ഫ്രാങ്ക് കെസീ അഹ് ലിയുടെ ഗോൾ നേടി. ആദ്യപകുതിയുടെ അധിക സമയത്ത് അൽ നസറിനായി ടാലിസ്‌ക ഒരു ഗോൾ കൂടി നേടി. എന്നാൽ അൻപതാമത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി അൾജീരിയൻ വിങ്ങർ റിയാദ് മെഹ്‌റാസ് ഗോളാക്കി അഹ്‌ലിയുടെ തിരിച്ചുവരവ് അറിയിച്ചു. ഈ സന്തോഷത്തിന് അധികനേരം ആയുസു നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാറല്ലായിരുന്നു. അൻപത്തിരണ്ടാമത്തെ മിനിറ്റിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ കൂടി നേടി. സ്‌കോർ 4-2. എൺപത്തിയാറാമത്തെ മിനിറ്റിൽ ഫിറാസ് അൽ ബുറൈക്കാൻ അഹ്ലിക്ക് വേണ്ടി ഗോൾ നേടി.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം ലീഗിൽ തുടർച്ചയായി അഞ്ച് വിജയങ്ങളാണ് അൽ നസർ ഇപ്പോൾ കുറിച്ചിരിക്കുന്നത്. ഈ ഏറ്റവും പുതിയ വിജയം അവരെ അൽ അഹ്ലിയ്ക്കൊപ്പം പോയിന്റ് നിലയിലും സൗദി പ്രോ ലീഗ് സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തും എത്തിച്ചു.