Sorry, you need to enable JavaScript to visit this website.

VIDEO - അപമര്യാദയായി പെരുമാറിയ ബെംഗളൂരു താരത്തിനെതിരെ പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി- ബെംഗളൂരു എഫ്. സിക്കെതിരായ ഉദ്ഘാടന മത്സരത്തിനിടെ തങ്ങളുടെ താരത്തിനെതിരെ അപമര്യാദയായ പെരുമാറിയ കളിക്കാരനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി അധികൃതര്‍ക്ക് പരാതി നല്‍കി. അത്തരമൊരു സംഭവം അരങ്ങേറിയതില്‍ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തോട് ബംഗളൂരു എഫ്. സി കളിക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തങ്ങളുടെ ക്ലബിലും സ്പോര്‍ട്സിലും വംശീയവും അപകീര്‍ത്തികരവുമായ പെരുമാറ്റത്തിന് ഇടമില്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വംശീയത, വിവേചനം, അനാദരവ് എന്നിവയ്ക്ക് ഫുട്‌ബോള്‍ മൈതാനത്തോ മറ്റെവിടെയെങ്കിലുമോ സ്ഥാനമില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്.  അധികാരികള്‍ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ഉചിതമായി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വിശ്വസിക്കുന്നുവെന്നു പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഉചിതമായ നടപടിയെടുക്കാന്‍ ബെംഗളൂരു എഫ്. സിയോടും ആവശ്യപ്പെട്ടു. 

വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോളെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് പരസ്പര ബഹുമാനത്തിനുള്ള വേദിയാണതെന്നും വിശദമാക്കി. ഫുട്ബാളിലും തങ്ങളുടെ ക്ലബ്ബിലും വൈവിധ്യത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ആദരവിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചു.

Latest News