Sorry, you need to enable JavaScript to visit this website.

നിപ്പ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ കോഴിക്കോട് സാധാരണനിലയിലേക്ക്

കോഴിക്കോട്- പുതിയ നിപ്പ രോഗികളൊന്നുമില്ലാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ല സാധാരണ ഗതിയിലേക്ക്. വടകര കുറ്റിയാടി മേഖലകളിലെ കണ്ടൈൻമെന്റ് സോണുകളിലെല്ലാം ഇളവ് ഏർപ്പെ ടുത്തിയതോടെ പതിവ് അവസ്ഥകളിലേക്ക് ജില്ല ചലിച്ച് തുടങ്ങി. കടകളൊക്കെ മിക്കവാറും തുറന്ന് തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനങ്ങൾ എത്തിതുടങ്ങി. രണ്ടുപേരുടെ മരണവും നാലുപേരുടെ രോഗ സ്ഥിരീകരണവും ഉണ്ടാക്കിയത് വലിയ ഞെട്ടലിലേക്കാണെങ്കിലും തുടർന്ന് പോസറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമായി. വെള്ളിയാഴ്ച പുതിയ കേസുകളൊന്നുമില്ല. ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
പബ്ലിക് ഹെൽത്ത് ലാബുകളുൾപ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. ഐ.സി.എം.ആർ. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതത് ജില്ലയിലെ ആർ.ടി.പി.സി.ആർ, ട്രൂനാറ്റ് പരിശോധനകൾ നടത്താൻ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങൾ സമർപ്പിക്കുവാൻ നിർദേശം നൽകി. എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുൻഗണനാ ക്രമത്തിൽ പരിശീലനം നൽകി ലാബുകൾ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കി.
വെള്ളിയാഴ്ച ഫലം ലഭിച്ച എഴ് സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇൻഡക്‌സ് കേസിന്റെ സമ്പർക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവരെ പട്ടികയിൽ നിന്നും ഒഴിവാക്കി. നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേർന്നു.
 

Latest News