Sorry, you need to enable JavaScript to visit this website.

ഹ്യൂമേട്ടനു പകരം  ഇനി പൊപ്പേട്ടന്‍

പ്രി സീസണ്‍ മത്സരങ്ങളിലെ രണ്ട് കനത്ത തോല്‍വികളോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട പുതിയ സീസണിന് ഒരുങ്ങുകയാണ്. രണ്ട് പ്രധാന മാറ്റങ്ങളാണ് ഈ സീസണില്‍ ഉണ്ടാവുക. മലയാളികളുടെ ഹ്യൂമേട്ടനായ ഇയാന്‍ ഹ്യൂം ഇത്തവണ കൂടെയില്ല. ഇന്ത്യന്‍ ടീമിന്റെ പ്രതിരോധം കാക്കുന്ന സന്ദേശ് ജിംഗാനും അനസ് എടത്തൊടികയും ബ്ലാസ്‌റ്റേഴ്‌സിലും ഒരുമിക്കും. 
എന്നാല്‍ എല്ലാവരും ഉറ്റുനോക്കുന്നത് സ്ലൊവേനിയന്‍ ഗോള്‍ യന്ത്രമായ മാറ്റെ പൊപ്ലാറ്റിനിക്കിന് ഹ്യൂം സൃഷ്ടിച്ച സ്വാധീനം ബ്ലാസ്റ്റേഴ്‌സില്‍ ആവര്‍ത്തിക്കാനാവുമോയെന്നാണ്. ഇരുപത്താറുകാരന്‍ സ്ലൊവേനിയന്‍ ലീഗിലെ ഗോളുകളുടെ വന്‍മലയുമായാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. 
വലിയ പേരുകെട്ട, എന്നാല്‍ നല്ല കാലം കഴിഞ്ഞ ഒരു മാര്‍ക്വീ കളിക്കാരന്‍ എന്ന ആശയം ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ചു. കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന ദിമിറ്റര്‍ ബെര്‍ബറ്റോവ് വന്‍ പരാജയമായിരുന്നു. 
ട്രിഗ്‌ലാവ് കാന്യെ ക്ലബ്ബിന്റെ ഫോര്‍വേഡായ പൊപ്ലാറ്റ്‌നിക്കിന് അപ്രതീക്ഷിതമായാണ് 7000 കിലോമീറ്റര്‍ അകലെ നിന്ന് ഫോണ്‍ കോള്‍ വന്നത്. ഏഷ്യയില്‍ നിന്ന് തന്നെ ഒരു ഓഫര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. ഓഫര്‍ കിട്ടിയ പാടെ ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് പരമാവധി വിവരം ശേഖരിച്ചു. അപ്പോഴേക്കും പൊപ്ലാറ്റ്‌നിക്കിന്റെ മെയില്‍ ബോക്‌സില്‍ മഞ്ഞപ്പടയുടെ ആശംസകളും അനുമോദനങ്ങളും വന്നു നിറഞ്ഞു. കരാറൊപ്പിടും മുമ്പെ ഇത്രമാത്രം ആരാധകരുടെ സന്ദേശങ്ങള്‍ കിട്ടിയത് പൊപ്ലാറ്റ്‌നിക്കിനെ അമ്പരപ്പിച്ചു. മെല്‍ബണ്‍ സിറ്റിക്കെതിരായ പ്രി സീസണ്‍ മത്സരത്തിലെ 0-6 തോല്‍വിയോടെയാണ് പൊപ്ലാറ്റ്‌നിക് അരങ്ങേറിയത്. എന്നാല്‍ കനത്ത തോല്‍വിയിലും ആരാധകരുടെ പിന്തുണക്ക് അശേഷം ഇടിവ് തട്ടിയില്ലെന്നത് പൊപ്ലാറ്റ്‌നിക്കിനെ വീണ്ടും അത്ഭുതപ്പെടുത്തി. 
കഴിഞ്ഞ രണ്ടു സീസണില്‍ സ്ലൊവേനിയന്‍ ലീഗില്‍ 58 കളികളില്‍ 42 ഗോളുമായാണ് പൊപ്ലാറ്റ്‌നിക് വരുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ ആരാധകരുടെ പൊപ്പേട്ടനാവുകയാണ് പൊപ്ലാറ്റ്‌നിക്കിന്റെ ലക്ഷ്യം. വര്‍ഷങ്ങളായി ഇവിടെ കളിക്കുന്നതു പോലെയാണ് ആരാധകര്‍ തന്നെ സ്വീകരിച്ചതെന്ന് സ്‌ട്രൈക്കര്‍ പറയുന്നു. 
 

Latest News