Sorry, you need to enable JavaScript to visit this website.

അയിത്താചരണ വിവാദം കത്തുന്ന പയ്യന്നൂരിൽ പുതിയ ഊരുവിലക്ക് വിവാദം

പയ്യന്നൂർ - അയിത്താചരണവുമായി ബന്ധപ്പെട്ട് വിവാദം കത്തിനിൽക്കുന്ന പയ്യന്നൂരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുതിയ ഊരുവിലക്ക് വിവാദം. പയ്യന്നൂർ നഗരസഭ പരിധിയിൽപെട്ട കവ്വായിയിലാണ് സംഭവം. ഒരു ക്ഷേത്ര കമ്മിറ്റിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയതിന്റെ വിരോധത്തിൽ ഊരുവിലക്കുന്നുവെന്നാണ് ആക്ഷേപം. 
കവ്വായിയിലെ ഒരു ക്ഷേത്രത്തിലെ 2016-18 വർഷത്തെ ഏഴുപേരടങ്ങുന്ന കമ്മിറ്റിയിലെ ഒരാൾ നടത്തിയ സാമ്പത്തിക തിരിമറിക്കെതിരെ കമ്മിറ്റിയംഗങ്ങളായ ചിലർ നിയമ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് അവരുടെ കുടുംബങ്ങൾക്കെതിരെ അപ്രഖ്യാപിത ഊരുവിലക്ക് ഏർപ്പെടുത്തിയത്.  ഒരു മഹിളാ ക്കമ്മിറ്റിയംഗം ബാങ്കിൽനിന്നുംപണം കൊണ്ടുവന്ന് കമ്മിറ്റിയംഗത്തിന് കൈമാറിയ അഞ്ച് ലക്ഷം രൂപ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളറിയാതെ തിരിമറി നടത്തിയ സംഭവം അന്ന് വിവാദമായിരുന്നു. ഇതുസംബന്ധിച്ച പ്രശ്‌നങ്ങൾ നിയമ നടപടി നേ രിടുകയാണ്. ഇതിന്റെ തുടർച്ചയായാണ് എതിർപ്പുള്ള ചില കുടുംബങ്ങൾക്കെതിരെ ചിലർ വിരോധം വെച്ച് ഊരുവിലക്ക് ഏ ർപ്പെടുത്തിയത്.
എന്നാൽ, സമുദായം ഔദ്യോഗികമായി ഊരു വിലക്കിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും,  ഇതിന്റെ പിന്നിൽ വ്യക്തി വിരോധം തീർക്കുന്നതിനുള്ള ചിലരുടെ ഇടപെടലാണെന്നും ഊരു വിലക്കിന് വിധേയമായ കുടുംബാംഗമായ മാടാച്ചേരി പ്രേമൻ പറയുന്നു. പ്രദേശത്തെ രണ്ടു സ്ത്രീകൾ മരിച്ചപ്പോൾ  സംസ്‌കരിക്കുന്നതിനും അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിന് പോലും തടസമുണ്ടാക്കിയതായി പ്രേമൻ ചൂണ്ടിക്കാണിക്കുന്നു. ഏകമകനായ തന്നെ കർമ്മങ്ങൾ ചെയ്യാനനുവദിക്കാതെ, ദളിതരോടുള്ളതിനേക്കാൾ മോശമായ വിവേചനമാണ് കാണിച്ചതെന്ന് കൂലോത്തുവളപ്പിൽ പവിത്രനും പറയുന്നു. പ്രദേശത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് ഈ കുടുംബങ്ങളെ അകറ്റിനിർത്താനോ ഇതുമായി ബന്ധപ്പെട്ട്  മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാനോ പാടില്ലെന്ന  തീരുമാനത്തിലാണ് പ്രശ്‌നം പോലീസ് ഒത്തുതീർപ്പാക്കിയിരുന്നത്. എന്നാൽ ഈ പരിഹാരമാർഗമൊന്നും ഗൗനിക്കാതെ ചിലർ ഇന്നും അപ്രഖ്യാപിത ഊരുവിലക്ക് തുടരുകയാണെന്നാണ് ആക്ഷേപം.
 

Latest News