കൊച്ചി- പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യ ഭരിച്ച കാലത്തെ ജനാധിപത്യമാണ് രാജ്യത്തെ മനോഹരമായ കാലമെന്ന് മുന്‍ ഡി. ജി. പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. എറണാകുളം പോള്‍ പി. മാണി മെമ്മോറിയല്‍ ലൈബ്രറിയോടെനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ആനുകാലിക ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട്...?' എന്ന വിഷയത്തില്‍ ഡി. സി. സിയില്‍ നടന്ന സെമിനാര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എ. കെ. ഗോപാലന്‍ പ്രസംഗിക്കുമ്പോഴെല്ലാം നെഹ്‌റു ഹാജരായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ പോലും നെഹ്‌റു കോണ്‍ഗ്രസ് അംഗങ്ങളെ വരെ അനുവദിച്ചിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ജനാഭിലാഷം പ്രതിഫലിക്കുന്ന പാര്‍ലമെന്റ് മാത്രമാണ് യഥാര്‍ഥ ജനാധിപത്യമാവൂ. പണം വാങ്ങി കൂറ് മാറി ജനങ്ങളെ ഭരിക്കുന്നത് ജനാധിപത്യമല്ല. ഇന്ത്യയിലെ ഇന്നത്തെ വിഭജനത്തിന് അടിത്തറ പാകിയത് ബ്രിട്ടീഷുകാരാണ്. ഇന്നത്തെ ജാതി വിഭജനവും ഹിന്ദുവിസ നിര്‍മ്മിതിയും മത വിഭജനവും ഉണ്ടാക്കി ചരിത്രത്തെ വികലമായി നിര്‍മ്മിച്ചെടുത്തത് ബ്രിട്ടീഷ് അധീശത്വമാണ്. ഇന്ത്യന്‍ ജനാധിപത്യം ഐക്യത്തോടെ മുന്നോട്ട് പോവരുത് എന്ന താല്പര്യം മുന്‍നിര്‍ത്തിയാണ് ഈ ചിത്രത്തെ വളച്ചൊടിച്ച് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടില്‍ ഒരു ജനാധിപത്യ ഭരണക്രമം ഉണ്ടെങ്കിലും ഒരു ജനാധിപത്യ സംസ്‌ക്കാരമില്ലന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. എല്ലാ മേഖലകളിലും വന്ന ജീര്‍ണ്ണതയും കോര്‍പ്പറേറ്റുകളുടെ ചൂഷണവും ജനാധിപത്യത്തിന് ഭീഷണിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി. സി. സി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പ്രൊഫ. എം. സി. ദിലീപ് കുമാര്‍ മോഡറേറ്ററായിരുന്നു. ടി. ജെ. വിനോദ് എം. എല്‍. എ, ടി. എസ്. ജോയ്, ജോഷി ജോര്‍ജ്ജ്, ടി. കെ. ജോസഫ്, സോന ജയരാജ്, ഷൈജു കേളന്തറ എന്നിവര്‍ സംസാരിച്ചു.