ജിദ്ദ- ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും സൗദി അറേബ്യയിലേക്ക്. ഒക്ടോബർ 19ന് റിയാദ്, 20ന് ദമാം, 21-ന് ജിദ്ദ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. ഒക്ടോബർ 19 ന് റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാൻ, പി. എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും. 20 ന് ദമാമിലും 21 ന് ജിദ്ദയിലും സംഘം സന്ദർശനം നടത്തുകയും പ്രവാസികളുമായി സംവദി ക്കുകയും ചെയ്യും.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിൽ ആയിരിക്കും സ്വീകരണമെന്ന് അറിയുന്നു. വിവിധ സംഘടനാ സാരഥി കളെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റികൾ മൂന്ന് നഗരങ്ങളിലും ഉടനെ രൂപീകരിക്കും.
പൊതുസമ്മേളനത്തിന് പുറമെ പ്രവാസി ബിസിനസ് മീറ്റ് നടത്താനും പരിപാടിയുണ്ട്.ലോകകേരള സഭയിൽ പങ്കെടുക്കാൻ സൗദിയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അമേരിക്കയിൽ നടന്ന ലോക കേരള സഭക്ക് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി അറേബ്യയിലേക്ക് ലോക കേരള സഭയിൽ പങ്കെടുക്കാൻ എത്തുന്നത്.