Sorry, you need to enable JavaScript to visit this website.

എവിടേക്ക് തിരിഞ്ഞാലും കടുവ; നട്ടംതിരിഞ്ഞ് പനവല്ലി നിവാസികള്‍

കല്‍പറ്റ-രാവിന്റെ മറവില്‍ ജനവാസ കേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കടുവകള്‍ വടക്കേ വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തില്‍പ്പെട്ട പനവല്ലിയിലും സമീപങ്ങളിലുമുള്ളവരുടെ ഉറക്കം കെടുത്തുന്നു. വ്യാഴാഴ്ച രാത്രി നായയെ പിന്തുടര്‍ന്നെത്തിയ കടുവ പനവല്ലി പുഴക്കര കോളനിയില്‍ വീട്ടില്‍ കയറിയ സംഭവം ജനങ്ങളുടെ കടുവാഭയം ഇരട്ടിയാക്കി. വീട്ടിലും രക്ഷയില്ലെന്ന സ്ഥിതി വനത്തോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്കിടയില്‍ അസ്വാസ്ഥ്യം പരത്തുകയാണ്. ഇരുള്‍ വീഴുംമുമ്പേ വീടിനകത്തുകയറി വാതിലുകള്‍ ബന്ധിക്കേണ്ട അവസ്ഥയിലാണ് ആളുകള്‍.
പനവല്ലി പുഴക്കരയില്‍ കയമയുടെ വീട്ടിലാണ് കടുവ കയറിയത്. കയമയും ഭാര്യയും ഈ സമയം വീടിനു പുറത്തായിരുന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ കടുവ വരുന്നതുകണ്ട് മച്ചില്‍ കയറിയാണ് ജീവന്‍ രക്ഷിച്ചത്. കടുവ ആക്രമണത്തിനു തുനിയാതെ പിന്‍വാങ്ങിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. വീടിന്റെ തറയില്‍ മാന്തിയശേഷമായിരുന്നു കടുവയുടെ മടക്കം. കയമയും കുടുംബാംഗങ്ങളും പറയുന്നതില്‍ കളവില്ലെന്നു തെളിയിക്കുന്നതായി കടുവയുടെ  നഖപ്പാടുകള്‍.
വടക്കേ വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റേഞ്ച് പരിധിയിലാണ് പനവല്ലി. സമീപത്തുള്ള സര്‍വാണി, പുഴക്കര പ്രദേശങ്ങളും കടുവകള്‍ വിഹാരഭൂമിയാക്കി. ഒന്നര മാസം മുമ്പ് തുടങ്ങിയതാണ് ഇവിടങ്ങളില്‍ കടുവാശല്യം. കുഞ്ഞും തള്ളയും ഉള്‍പ്പടെ മൂന്നു കടുവകളാണ് ജനവാസകേന്ദ്രങ്ങളില്‍ നിരന്തരം എത്തുന്നത്. ഇതില്‍ കൂടുതല്‍ കടുവകള്‍ പ്രദേശത്തുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കുഞ്ഞിനൊപ്പം നടക്കുന്ന തള്ളക്കടുവയെയും തനിച്ചു വിഹരിക്കുന്ന കടുവയെയും പലകുറി കണ്ടവര്‍ പനവല്ലിയിലുണ്ട്.
നാട്ടിലിറങ്ങുന്ന കടുവകളെ പിടികൂടി ഉള്‍വനത്തിലാക്കി ജനങ്ങളുടെ ഭീതിയകറ്റാന്‍ വനസേന നടത്തുന്ന പരിശ്രമം ഫലവത്താകുന്നില്ല. കടുവകളെ പിടിക്കുന്നതിന് പനവല്ലി ആദണ്ട, സര്‍വാണി, പുഴക്കര എന്നിവിടങ്ങളിലായി മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടു ദിവസങ്ങളായി. കൂടുകള്‍ക്കു അടുത്തുവരെ എത്തുന്ന കടുവകള്‍ അകത്തേക്ക് കയറുന്നില്ല. കടുവകളെ അകലേക്കു തുരത്താന്‍ ജനപങ്കാളിത്തത്തോടെ വനസേന നാടിളക്കിയതും വൃഥാവ്യായാമമായി.
സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് എന്നിങ്ങനെ മൂന്ന് വനം ഡിവിഷനുകളാണ് ജില്ലയില്‍. മൂന്നു ഡിവിഷനുകളിലും ജവവാസ മേഖലകളില്‍ കടുവകളുടെ സാന്നിധ്യമുണ്ട്. തെക്കേവയനാട് ഡിവിഷനിലെ വാകേരിയില്‍ തോട്ടം തൊഴിലാളി സ്ത്രീകള്‍ കടുവയ്ക്കു മുന്നില്‍പ്പെട്ടത് ദിവസങ്ങള്‍ മുമ്പാണ്. ഇതേ ഡിവിഷനിലെ പുല്‍പ്പള്ളി കേളക്കവലയിലും കഴിഞ്ഞ ദിവസം കടുവ എത്തി. വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ കടുവ സാന്നിധ്യം തുടര്‍ക്കഥയാണ്.
സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കടുവകളുള്ള ദേശമാണ് വയനാട്. ദേശീയ കടുവ സംരക്ഷണ അഥോറിറ്റി 2022ല്‍ നടത്തിയ സെന്‍സസ് പ്രകാരം വന്യജീവി സങ്കേതത്തില്‍ മാത്രം 84 കടുവകളുണ്ട്.
വനത്തിന്റെ ഗുണനിലവാര ശോഷണം, ഇതുമൂലം കാട്ടില്‍ ഇരകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്,പ്രായാധിക്യം, പരിക്ക് എന്നിവ മൂലം വനത്തില്‍ ഇര തേടാനുള്ള ശേഷി നഷ്ടപ്പെടല്‍ എന്നിവ ജില്ലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ കടുവ സാന്നിധ്യം വര്‍ധിക്കുന്നതിനു കാരണമാണെന്നു വനസേനയില്‍പ്പെട്ടവര്‍ പറയുന്നു. വയനാടന്‍ വനത്തില്‍ കടുവകളുടെ എണ്ണം കുറയുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2018ലെ സെന്‍സസില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 120 കടുവകളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാട് വന്യജീവി സങ്കേതം. മഞ്ഞക്കൊന്ന ഉള്‍പ്പെടെ അധിനിവേശ സസ്യങ്ങളുടെ ആധിക്യമാണ് വനത്തിന്റെ ഗുണനിലവാര ശോഷണത്തിനു മുഖ്യകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വന്യജീവി സങ്കേതത്തില്‍ 1,700 ഓളം ഹെക്ടര്‍ പ്രദേശമാണ് അധിനിവേശ സസ്യങ്ങള്‍ കീഴടക്കിയത്.

Latest News