Sorry, you need to enable JavaScript to visit this website.

പി.വി. ബാലചന്ദ്രന് ആദരാഞ്ജലിയര്‍പ്പിക്കാന്‍  പ്രമുഖരെത്തി, സംസ്‌കാരം ഇന്ന് വൈകിട്ട് 

കല്‍പറ്റ-ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ച വയനാട് ഡി.സി.സി മുന്‍ പ്രസിഡന്റും സി.പി.എം സഹയാത്രികനുമായ അമ്പലവയല്‍ നരിക്കുണ്ട് ചന്ദ്ര എസ്റ്റേറ്റില്‍ പി.വി ബാലചന്ദ്രന്റെ(77) സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ നടത്തും. രാവിലെ ഒമ്പത് മുതല്‍ അമ്പലവയല്‍ ഗവ.ഹെസ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എത്തി. പരേതനോടുള്ള ആദരസൂചകമായി ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാലുവരെ അമ്പലവയല്‍ ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്‌കാരത്തിനുശേഷം അമ്പലവയല്‍  ടൗണില്‍ മൗനജാഥയും സര്‍വകക്ഷി അനുശോചന യോഗവും നടത്തും.  
ദീര്‍ഘകാലം വയനാട്ടില്‍ കോണ്‍ഗ്രസിനെ നയിച്ച നേതാവാണ് ബാലചന്ദ്രന്‍. 2007ല്‍ പ്രൊഫ.കെ.പി.തോമസ് ഒഴിഞ്ഞതുമുതല്‍ 2012 ഡിസംബറില്‍ കെ.എല്‍.പൗലോസ് ചുമതലയേല്‍ക്കുന്നതുവരെ വയനാട് ഡി.സിസി അധ്യക്ഷ പദവി അലങ്കരിച്ചത് ബാലചന്ദ്രനാണ്.
ബാലചന്ദ്രന്റെ പൊതുജീവിതത്തിനു 50 വര്‍ഷത്തിലേറെയാണ് പഴക്കം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റായിരിക്കെ കെ.കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ബാലചന്ദ്രന്‍ പിന്നീട് പടവുകള്‍ ഒന്നൊന്നായി കയറിയാണ് പാര്‍ട്ടി ജില്ലാ അധ്യക്ഷ പദവിയില്‍ എത്തിയത്. ഒടുവില്‍ കോണ്‍ഗ്രസുകാരനല്ലാതെ, സി.പി.എം സഹയാത്രികനായാണ് അദ്ദേഹത്തിന്റെ മടക്കം. മനസുപൊള്ളിച്ച ചില അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ അഞ്ചിനാണ് കോണ്‍ഗ്രസില്‍നിന്നു രാജിവെച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തിനു വിരുദ്ധമായി 1990ല്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അമ്പലവയല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് വിമതനായി ബാലചന്ദ്രന്‍ മത്സരിച്ചുജയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മിലെ കെ.ജെ.ദേവസ്യയായിരുന്നു ഡിവിഷനില്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.
രാഷ്ട്രീയ എതിരാളികളും അംഗീകരിക്കുന്നതായിരുന്നു ബാലചന്ദ്രന്റെ നേതൃപാടവം. 2010ല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകള്‍ ഒഴികെയുള്ളത് യു.ഡി.എഫിനാണ് ലഭിച്ചത്. ബാലചന്ദ്രന്റെ തന്ത്രങ്ങളായിരുന്നു ഈ വിജയത്തിനു പിന്നില്‍. ഏറ്റവും ഒടുവില്‍ സി.പി.എം സഹയാത്രികനായതിനുശേഷം മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന്റെ കൈകളിലെത്തിക്കാന്‍ ബാലചന്ദ്രന്‍ നടത്തിയ വിഫലശ്രമം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം, കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം എന്നീ സ്ഥാനങ്ങളും   ബാലചന്ദ്രന്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


പടം-------പി.വി.ബാലചന്ദ്രന്‍-------

Latest News