തസ്‌രീഹ് ഇല്ലാത്ത ഒന്നേകാൽ ലക്ഷം പേരെ തിരിച്ചയച്ചു
മക്ക - ഹജ് അനുമതി പത്രവും ഹജ് കാലത്ത് മക്കയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക പെർമിറ്റുമില്ലാതെ മക്കയിലേക്ക് വരുന്നവരെ കാത്തിരിക്കുന്നത് കടുത്ത നടപടി. മുഴുവൻ അതിർത്തി ചെക്‌പോസ്റ്റുകളിലും പോലീസ് പരിശോധന കൂടുതൽ ശക്തമാക്കി. ചെക്‌പോസ്റ്റുകൾ ഒഴിവാക്കി യാത്ര ചെയ്യുന്നവരെ പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, മക്കയിലും പരിശോധന നടത്തും. ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവർക്ക് ആറു മാസം വരെ തടവും അര ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. അനുമതി പത്രമില്ലാത്തവരിൽ ഒരാൾക്ക് അര ലക്ഷം റിയാൽ തോതിൽ നിയമ ലംഘകരായ ഡ്രൈവർമാർക്ക് പിഴ ചുമത്തും. നിയമ ലംഘകരുടെ കേസുകൾ പരിശോധിച്ച് വേഗത്തിൽ തീർപ്പ് കൽപിച്ച് ശിക്ഷകൾ വിധിക്കുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലുള്ള ചെക്ക്‌പോസ്റ്റുകളിൽ ജവാസാത്ത് ഡയറക്ടറേറ്റ് സീസൺ കമ്മിറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്മിറ്റികളായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക.
ഇതേവരെ ഒന്നേകാൽ ലക്ഷത്തിലേറെ പേരെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കാതെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചതായി ഹൈവേ പോലീസ് അറിയിച്ചു. ശവ്വാൽ 25 (ജൂലൈ 9) മുതൽ ദുൽഖഅ്ദ 14 (ജൂലൈ 27) വരെയുള്ള ദിവസങ്ങളിൽ 1,25,347 പേരെയാണ് തസ്‌രീഹ് ഇല്ലാത്തതിന്റെ പേരിൽ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചത്. മക്കയിൽ പ്രവേശിക്കുന്നതിനുള്ള പെർമിറ്റില്ലാത്തവരുടെയും ഹജ് അനുമതി പത്രമില്ലാത്തവരുടെയും 52,587 വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു.
അൽബുഹൈത ചെക്ക്‌പോസ്റ്റിൽ നിന്നും തായിഫിലെ മറ്റു ചെക്ക്‌പോസ്റ്റുകളിൽ നിന്നും 979 വിദേശികളെയും 738 വാഹനങ്ങളും ന്യൂ ശുമൈസി ചെക്ക്‌പോസ്റ്റിൽ നിന്ന് 1,354 വിദേശികളെയും 551 വാഹനങ്ങളും അൽതൻഈം ചെക്ക്‌പോസ്റ്റിൽ നിന്ന് 1,834 വിദേശികളെയും 446 വാഹനങ്ങളും അൽകർ ചെക്ക്‌പോസ്റ്റിൽ നിന്ന് 800 വിദേശികളെയും 391 വാഹനങ്ങളും അൽശുമൈസി ചെക്ക്‌പോസ്റ്റിൽ നിന്ന് 294 വിദേശികളെയും 186 വാഹനങ്ങളും അൽശറായിഅ് സബൂഹ ചെക്ക്‌പോസ്റ്റിൽ നിന്ന് 926 വിദേശികളെയും 341 വാഹനങ്ങളും കഅ്കിയ ചെക്ക്‌പോസ്റ്റിൽ നിന്ന് 351 വിദേശികളെയും 222 വാഹനങ്ങളും വെള്ളിയാഴ്ച തിരിച്ചയച്ചു. വെള്ളിയാഴ്ച മാത്രം മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് ആകെ 6,538 വിദേശികളെയും 2,875 വാഹനങ്ങളും തിരിച്ചയച്ചതായി ഹൈവേ പോലീസ് അറിയിച്ചു.