റിയാദ് - അമേരിക്കന്‍ വനിതക്കെതിരായ കേസില്‍ സൗദി അഭിഭാഷകന് റിയാദ് അപ്പീല്‍ കോടതിയില്‍ നിന്ന് അനുകൂലവിധി. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയെന്ന് വാദിച്ച് സൗദി അഭിഭാഷകനുമായുള്ള കരാര്‍ അമേരിക്കക്കാരി അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. ഒന്നര കോടി റിയാലിന്റെ ചെക്ക് പ്രകാരമുള്ള തുക എതിര്‍ കക്ഷിയില്‍ നിന്ന് ഈടാക്കി ലഭിക്കുന്നതിനുള്ള നിയമ നടപടികള്‍ക്കാണ് അമേരിക്കക്കാരി സൗദി അഭിഭാഷകനുമായി കരാറിലെത്തിയത്. ചെക്ക് പ്രകാരമുള്ള തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതി പൂര്‍ത്തിയാക്കാറായതും വൈകാതെ തനിക്ക് പണം കിട്ടുമെന്നും അറിഞ്ഞ അമേരിക്കക്കാരി കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനുമായുള്ള കരാര്‍ റദ്ദാക്കി. ഇതിനെതിരെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ കേസ് നടത്തിപ്പ് ചെലവിലേക്ക് സൗദി അഭിഭാഷകന് അമേരിക്കക്കാരി 22.5 ലക്ഷം റിയാല്‍ നല്‍കണമെന്ന് അപ്പീല്‍ കോടതി വിധിക്കുകയായിരുന്നു.