റിയാദ്- 93 ാം സൗദി ദേശീയദിനത്തോടനുബന്ധിച്ച് ഇന്ന് (വ്യാഴം) മുതല്‍ ശനിയാഴ്ച വരെ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ആഘോഷ പരിപാടികള്‍ ഇസ്സുല്‍ വതന്‍ 2 വിമാനത്താവളത്തിനടുത്തുള്ള റോഷന്‍ ഫ്രന്റ് (റിയാദ് ഫ്രന്റ്) സലായില്‍ ചത്വരത്തില്‍ അരങ്ങേറും. വൈകുന്നേരം നാലു മണി മുതല്‍ രാത്രി 11 വരെ നടക്കുന്ന പരിപാടികളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യപ്രവേശനം അനുവദിക്കും.
ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെയും നാഷണല്‍ സെന്റര്‍ ഫോര്‍ ഇവന്റ്‌സിന്റെയും പങ്കാളിത്തത്തോടെ സൈനിക പ്രദര്‍ശനങ്ങള്‍, ഫീല്‍ഡ് പ്രകടനങ്ങള്‍, തത്സമയ സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വ്യത്യസ്തവും പുതിയതുമായ ഇവന്റുകളാണ് മൂന്നുദിവസം ഇവിടെ അരങ്ങേറുക. സുരക്ഷാസേനയുടെ വിവിധ ആയുധങ്ങളും കവചിത വാഹനങ്ങളും മറ്റും പ്രദര്‍ശനത്തിനുണ്ടാവും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു.