റിയാദ്- വർക്ക് ഷോപ്പിൽ കാർ നന്നാക്കികൊണ്ടിരിക്കെ കാർ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. എൻജിൻ തകരാറ് ശരിയാക്കാൻ ബോണറ്റ് തുറന്നുവെച്ച് വർക്ക് ഷോപ്പിനു മുന്നിൽ ഓഫാക്കാതെ നിർത്തിയ കാർ മോഷ്ടിച്ചയാളെയാണ് റിയാദ് പോലീസ് പിടികൂടിയത്. കാറുടമയും ഒപ്പമുള്ള മറ്റൊരാളും വർക്ക് ഷോപ്പിലെ രണ്ടു തൊഴിലാളികളും നോക്കിനിൽക്കെയാണ് കാർ മോഷണം പോയത്.വാഹനം കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നും പബ്ലിക് സെക്യൂരിറ്റി പറഞ്ഞു.
بيان أمني بشأن القبض على اللص الذي سرق مركبة أثناء انشغال مالكها بصيانتها .. والكشف عن جنسيته https://t.co/cfmu5g7yJEpic.twitter.com/jtAzAiGLXW
— صحيفة المرصد (@marsdnews24) September 21, 2023
വർക്ക് ഷോപ്പ് തൊഴിലാളികൾ കാറുടമയുമായി സംസാരിച്ചു കൊണ്ട് കാറിൽ റിപ്പയർ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് കാർ മോഷണം പോയത്. ഇതിനിടെ തൊഴിലാളികളിൽ ഒരാൾ വർക്ക് ഷോപ്പിനകത്തേക്ക് കയറിപ്പോയി. ഈ സമയത്ത് തിരക്കേറിയ റോഡിൽ കാറിന്റെ പിൻവശത്തു കൂടി നടന്നെത്തിയ യുവാവ് ഡ്രൈവിംഗ് സീറ്റിൽ ചാടിക്കയറി അതിവേഗതയിൽ കാർ പിന്നോട്ടെടുത്ത് റോഡിലേക്ക് ഇറക്കി കാറുമായി കടന്നുകളയുകയായിരുന്നു. കാറുടമയുടെയും ഒപ്പമുള്ളയാളുടെയും വർക്ക് ഷോപ്പ് ജീവനക്കാരുടെയും ശ്രദ്ധ റിപ്പയർ ജോലികളിലായിരുന്നതിനാലും ബോണറ്റ് തുറന്നുവെച്ച നിലയിലായിരുന്നതിനാലും മോഷ്ടാവ് ഡ്രൈവിംഗ് സീറ്റിൽ കയറുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. കാറുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ തടയാൻ ശ്രമിച്ച കാറുടമയെ ഇടിച്ചുതള്ളിയിട്ടാണ് യുവാവ് വാഹനവുമായി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വർക്ക് ഷോപ്പിനു മുന്നിൽ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു.