കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. കരിമണൽ കമ്പനിയിയിൽനിന്ന് പണം വാങ്ങിയവരുടെ ലിസ്റ്റിലെ പി.വി താൻ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും പി.വി എന്നതിന്റെ എക്‌സ്പാൻഷനായി പിണറായി വിജയൻ എന്ന് എഴുതിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ വേറെ പിണറായി വിജയൻമാരുണ്ടെങ്കിൽ അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മാത്യു ആവശ്യപ്പെട്ടു. നിയമവകുപ്പിന്റെ ലിസ്റ്റിൽ പിണറായി വിജയൻ എന്ന് തന്നെ എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കമ്പനിയിൽനിന്ന് ഭിക്ഷയാണ് വാങ്ങിയത് എങ്കിൽ നമുക്ക് പരാതിയില്ല. മകൾ പണം വാങ്ങി എന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. എന്നാൽ എന്തിനാണ് പണം വാങ്ങിയത് എന്നാണ് വ്യക്തമാക്കേണ്ടത്. വീണ ടി എന്നയാൾ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവിന്റെ മകളാണെന്നും നിയമവകുപ്പിന്റെ പട്ടികയിലുണ്ട്. വീണ ടി തന്റെ മകളല്ല എന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോ. പിണറായി വിജയനെ പറ്റിയുള്ള പരാമർശം നിയമവകുപ്പിന്റെ കണ്ടെത്തലിൽ പല സ്ഥലത്തുമുണ്ട്.
കഴിഞ്ഞ ദിവസം പിണറായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയെയും മകളെയും പറ്റി കൂടുതൽ വിശദാംശങ്ങളാണ് ആ പട്ടികയിലുള്ളത്. ഒരു കമ്യൂണിസ്റ്റുകാരൻ പോലും മുഖ്യമന്ത്രിയെ വിശ്വസിക്കാത്ത അവസ്ഥയാണ്. സത്യസന്ധമായി കാര്യങ്ങൾ പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തിലെ ഓരോ സാധാരണ പൗരനെയും ബാധിക്കുന്ന പ്രശ്‌നമാണിത്. കരിമണൽ കമ്പനിയുടെ കാര്യങ്ങൾ സാധിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്നത് ഏറെ ഗൗരവമേറിയതാണ്. നിയമസഭയിൽ ചോദിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടി നൽകിയില്ല. കരിമണൽ കമ്പനിയിൽനിന്ന് 1.72 കോടി രൂപ മാത്രമല്ല മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയത്. ഇതിന് പുറമെ നിരവധി കമ്പനികളിൽനിന്നും മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിലാണ് പണം വാങ്ങിയത്. കേരളത്തോട് പറഞ്ഞ പച്ചക്കള്ളം തിരുത്തി മാപ്പുപറയാൻ മുഖ്യമന്ത്രി തയ്യാറാകണം.
എറണാകുളം, ഇടുക്കി ജില്ലയിലെ സി.പി.എം സെക്രട്ടറിമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇതേവരെ മറുപടി പറഞ്ഞിട്ടില്ല. വീണ വിജയന് എതിരെ പറഞ്ഞ ആരോപണത്തിനും മറുപടി പറഞ്ഞില്ല. എനിക്കെതിരെ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യൂവെന്നും മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. അഴിമതിക്കെതിരെ പ്രവർത്തിക്കേണ്ട വിജിലൻസിന്റെയും പോലീസിന്റെയും അവസ്ഥ ഏറെ ദയനീയമാണ്. എനിക്കെതിരെ ഇനിയും അന്വേഷണം വരുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.