നിയോം സിറ്റി - സൗദിയെ വൻ മാറ്റത്തിലേക്ക് നയിച്ച വിഷൻ 2030ന് തുടർച്ച വരുന്നു. വിഷൻ 2040 പ്രഖ്യാപിക്കുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. നിയോം സിറ്റിയിൽ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. വിഷൻ 2030 പദ്ധതി ആസൂത്രണം ചെയ്തതു പ്രകാരമുള്ള ചില കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. 2024 ആദ്യ പകുതിയിൽ അവ പൂർത്തിയാക്കും. ഇതിനു ശേഷം വിഷൻ 2040 പദ്ധതിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 2027 ലോ 2028 ലോ വിഷൻ 2040 പദ്ധതി പ്രഖ്യാപിക്കും. ഇതിന് വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എം.ബി.എസ് പറഞ്ഞു.
2019 നു ശേഷം ആദ്യമായാണ് ഒരു മുൻനിര അമേരിക്കൻ മാധ്യമത്തിന് സൗദി കിരീടാവകാശി പ്രത്യേക അഭിമുഖം നൽകുന്നത്. അതുകൊണ്ടു തന്നെ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം സൗദി കിരീടാവകാശിയുടെ അഭിമുഖത്തിലെ ഭാഗങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
21-ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മെച്ചമുണ്ടാക്കിയ, നേട്ടം കൊയ്ത രാജ്യം സൗദി അറേബ്യയാണ്. ടൂറിസം മേഖലയിൽ അടക്കം വൻ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യ നടത്തിയ വലിയ നിക്ഷേപങ്ങൾ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി ഉയർത്താൻ സഹായിച്ചുവെന്നും കിരീടാവകാശി വ്യക്തമാക്കി. ഇരു ഹറമുകളുടെയും ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെയും പദവിക്ക് യോജിച്ച വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പുരോഗതിയിലേക്കുള്ള അതിവേഗ പ്രയാണം ഒരു ദിവസം പോലും നിർത്തുകയോ അതിന്റെ വേഗം കുറക്കുകയോ ചെയ്യില്ല. വിഷൻ 2030 അതിമോഹ പദ്ധതിയാണ്. ഞങ്ങൾ അതിന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുകയും വലിയ അഭിലാഷത്തോടെ പുതിയ ലക്ഷ്യങ്ങൾ തയാറാക്കുകയും ചെയ്തുവെന്നും കിരീടാവകാശി പറഞ്ഞു.