നിയോം സിറ്റി - ഗൾഫ് മേഖലയെ പ്രത്യേകിച്ചും ലോകത്തെ മൊത്തത്തിലും വിശാലമായ കാഴ്ച്ചപ്പാടോടെ ദർശിച്ചുള്ള വാക്കുകളായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെത്. അമേരിക്കയിലെ ഫോക്‌സ് ന്യൂസിന് നിയോം സിറ്റിയിൽനിന്ന് നൽകിയ അഭിമുഖം ലോകം മുഴുവൻ ഏറെ സാകൂതത്തോടെയാണ് ദർശിച്ചത്. അഭിമുഖം പുറത്തുവന്ന ഉടൻ ട്വിറ്റർ ട്രെന്റിംഗ് ആകുകയും ചെയ്തു. ആണവായുധം, ലോക സമാധാനം, അമേരിക്ക-സൗദി ബന്ധം, ഇറാൻ-സൗദി ബന്ധം, യെമനുമായുള്ള ഇഴയടുപ്പം, ഫലസ്തീൻ പ്രശ്‌നം പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. 2019 നു ശേഷം ആദ്യമായാണ് ഒരു മുൻനിര അമേരിക്കൻ മാധ്യമത്തിന് സൗദി കിരീടാവകാശി പ്രത്യേക അഭിമുഖം നൽകുന്നത്. അതുകൊണ്ടു തന്നെ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം സൗദി കിരീടാവകാശിയുടെ അഭിമുഖത്തിലെ ഭാഗങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
ആണവായുധത്തെ പറ്റി:
ഇറാൻ ആണവായുധം നേടിയാൽ സൗദി അറേബ്യയും ആണവായുധം സ്വന്തമാക്കും. ഏതു രാജ്യവും ആണവായുധം നേടുന്നതിൽ സൗദി അറേബ്യക്ക് ആശങ്കയുണ്ട്. ആണവായുധം സ്വന്തമാക്കാനുള്ള ശ്രമം മോശം നീക്കമാണ്. ആർക്കും ആണവായുധത്തിന്റെ ആവശ്യമില്ല. കാരണം ആണവായുധം ആർക്കും ഉപയോഗിക്കാൻ കഴിയില്ല. ഏതെങ്കിലും രാജ്യം ആണവായുധം ഉപയോഗിക്കുകയാണെങ്കിൽ അതിനർഥം ആ രാജ്യം ലോകത്തോട് യുദ്ധം ചെയ്യുകയാണ് എന്നാണ്.
മറ്റൊരു ഹിരോഷിമക്ക് സാക്ഷ്യം വഹിക്കാൻ ലോകം ആഗ്രഹിക്കുന്നില്ല. ഒരു ലക്ഷം ആളുകൾ മരിക്കുന്നത് ലോകം കാണുന്നുവെങ്കിൽ, അതിനർഥം നിങ്ങൾ ലോകവുമായി യുദ്ധത്തിലാണെന്നാണ്. അതിനാൽ, ആണവായുധം നേടുന്നത് പാഴ്ശ്രമമാണ്.
സൗദി-ഇറാൻ ചർച്ച
സൗദി അറേബ്യക്കും ഇറാനുമിടയിൽ മധ്യസ്ഥം വഹിക്കാൻ ചൈന സ്വയം മുന്നോട്ടുവരികയായിരുന്നു. ഇറാനുമായുള്ള ബന്ധത്തിൽ പുരോഗതിയുണ്ട്. മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും സൗദി അറേബ്യയും ഇറാനും തമ്മിലുള്ള മികച്ച ബന്ധം തുടരണമെന്നാണ് പ്രത്യാശിക്കുന്നത്. മേഖലയിലെ ഏത് ആണവായുധ മത്സരവും മേഖലയുടെ സുരക്ഷക്കു മാത്രമല്ല, ലോകത്തിന്റെ സുരക്ഷക്കും ഭീഷണിയാകും.
യെമൻ-സൗദി
മുൻകാലത്തും വർത്തമാന കാലത്തും ഭാവിയിലും യെമന് ഏറ്റവും വലിയ പിന്തുണ നൽകുന്ന രാജ്യം സൗദി അറേബ്യയാണ്. യെമനിൽ ശാശ്വത രാഷ്ട്രീയ പരിഹാരമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. സാമ്പത്തിക വികസനം നേടാനും വികസനം കൈവരിക്കാനും സാധിക്കുന്നതിന് മേഖലയിലും അതിലെ എല്ലാ രാജ്യങ്ങളിലും സുരക്ഷിതത്വവും സ്ഥിരതയും കളിയാടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബ്രിക്‌സ് ഗ്രൂപ്പ് അമേരിക്കയുമായോ പശ്ചാത്യ രാജ്യങ്ങളുമായോ ഏതെങ്കിലും തരത്തിലുള്ള ജിയോപൊളിറ്റിക്കൽ മത്സരത്തെ പ്രതിനിധീകരിക്കുന്നില്ല.
വിഷൻ 2030
വിഷൻ 2030 പദ്ധതി ആസൂത്രണം ചെയ്തതു പ്രകാരമുള്ള ചില കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. 2024 ആദ്യ പകുതിയിൽ അവ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം വിഷൻ 2040 പദ്ധതിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 2027 ലോ 2028 ലോ വിഷൻ 2040 പദ്ധതി പ്രഖ്യാപിക്കും. ഇതിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ
സൗദി അറേബ്യയുടെത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയാണ്. കഴിഞ്ഞ വർഷം നാലു കോടി സന്ദർശകരെ ആകർഷിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. 2030 ഓടെ പ്രതിവർഷം 10 കോടി മുതൽ 15 കോടി വരെ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യ നടത്തിയ വലിയ നിക്ഷേപങ്ങൾ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി ഉയർത്താൻ സഹായിച്ചു.
സൗദി ജനത മാറ്റം ആഗ്രഹിക്കുന്നു
സൗദി ജനത മാറ്റങ്ങളിൽ വിശ്വസിക്കുന്നു. അവരാണ് മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. അവരിൽ ഒരാളാണ് ഞാനും. സൗദി അറേബ്യയുടെയും സൗദി ജനതയുടെയും താൽപര്യങ്ങൾ നിറവേറ്റാനാണ് ഞാൻ ശ്രദ്ധയൂന്നുന്നത്. സൗദി അറേബ്യയെ എപ്പോഴും മികച്ച നിലയിൽ എത്തിക്കുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സൗദി അറേബ്യയുടെ പുരോഗതിയുടെ വേഗത കൂടുതൽ ശക്തമായി തുടരും. പുരോഗതിയിലേക്കുള്ള അതിവേഗ പ്രയാണം ഒരു ദിവസം പോലും നിർത്തുകയോ അതിന്റെ വേഗം കുറക്കുകയോ ചെയ്യില്ല. വിഷൻ 2030 അതിമോഹ പദ്ധതിയാണ്. ഞങ്ങൾ അതിന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുകയും വലിയ അഭിലാഷത്തോടെ പുതിയ ലക്ഷ്യങ്ങൾ തയാറാക്കുകയും ചെയ്തു. ഇരു ഹറമുകളുടെയും ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെയും പദവിക്ക് യോജിച്ച വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.
വൻ സാമ്പത്തിക ശക്തിയാകും
ഭാവിയിൽ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി സൗദി അറേബ്യ മാറും. ലോകത്തെ ഏറ്റവും വലിയ നാലു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറാനാണ് ശ്രമം. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം സൗദി അറേബ്യയാണ്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയുമായാണ് സൗദി അറേബ്യ മത്സരിക്കുന്നത്. ഈ വർഷം സൗദി അറേബ്യ പെട്രോളിതര മേഖലയിൽ കൈവരിക്കുന്ന വളർച്ച ജി-20 ഗ്രൂപ്പിലെ ഏറ്റവും വേഗതയേറിയ വളർച്ചയായിരിക്കും.
ഉയർന്ന അഭിലാഷങ്ങളോടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ സൗദി അറേബ്യയെ ലോക രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കാനാണ് ശ്രമം.
കായിക മേഖലയിലെ പങ്കാളിത്തം
സൗദിയിൽ സ്‌പോർട്‌സ് മേഖലയിലെ നിക്ഷേപങ്ങളിലെ വളർച്ച പ്രശംസനീയമാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്‌പോർട്‌സ് മേഖലയുടെ സംഭാവന ഒന്നര ശതമാനമായി ഉയർത്താനാണ് ശ്രമം. സാമ്പത്തിക വരുമാനത്തിൽ ഫലപ്രദമായ ഘടകമായി സ്‌പോർട്‌സ് മേഖല മാറിയിട്ടുണ്ട്. കായിക മേഖല വികസിപ്പിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. വിനോദ സഞ്ചാര വ്യവസായ മേഖലാ വളർച്ച കായിക, വിനോദ, സാംസ്‌കാരിക മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ സജീവമാക്കുന്നതിന് എല്ലാ മേഖലകളിലും വികസനം നടപ്പാക്കേണ്ടതുണ്ട്.
സൗദി അറേബ്യ പ്രധാന രാജ്യമാണ്. സൗദി അറേബ്യയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നു. ബഹിരാകാശം, വിനോദം തുടങ്ങിയ മേഖലകളിൽ സൗദി അറേബ്യ ഇപ്പോൾ ശക്തമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
സാമ്പത്തിക ഇടനാഴി
മധ്യപൗരസ്ത്യ രാജ്യങ്ങളെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ഉഭയകക്ഷി വാണിജ്യ നീക്കത്തിൽ മൂന്നു മുതൽ ആറു വരെ ദിവസത്തെ കുറവുണ്ടാക്കും. സമയവും ധനവും ലാഭിക്കാൻ പുതിയ സാമ്പത്തിക ഇടനാഴി സഹായിക്കും. സൗദി അറേബ്യയുടെ പെട്രോളിയം നയത്തെ ഡിമാന്റും ലഭ്യതയുമാണ് നിയന്ത്രിക്കുന്നത്. ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഒപെക് പ്ലസ് തീരുമാനങ്ങൾ ഒരു കക്ഷിയെ മറ്റൊരു കക്ഷിയുടെ ചെലവിൽ പിന്തുണക്കുന്നില്ല.
ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാതെ
ഇസ്രായിലുമായി ബന്ധമില്ല
ഏഴു ദശകത്തിലേറെയായി തുടരുന്ന ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ല. ഫലസ്തീൻ പ്രശ്‌നത്തിൽ സൗദി അറേബ്യ വലിയ ശ്രദ്ധ ചെലുത്തുന്നു. ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരമുണ്ടാകണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ സൗദി അറേബ്യ തുടർച്ചയായ ചർച്ചകൾ നടത്തുന്നുണ്ട്. ഫലസ്തീനികളുടെ ജീവിതം സുഗമമാക്കുകയും മിഡിൽ ഈസ്റ്റിലെ ഒരു സജീവ രാജ്യമായി ഇസ്രായിലിനെ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു പരിഹാരത്തിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ല. ജോ ബൈഡൻ ഭരണകൂടം പിന്തുണ നൽകുന്ന പക്ഷം സൗദി, ഇസ്രായിൽ കരാർ സാധ്യമാകും. ഇസ്രായിലുമായി കരാർ ഒപ്പുവെക്കാൻ സൗദി അറേബ്യ അനുദിനം അടുത്തുകൊണ്ടിരിക്കുകയാണ്.
ഇസ്രായിലുമായി സൗദി അറേബ്യ ബന്ധം സ്ഥാപിക്കണമെന്ന നിർദേശം അമേരിക്കൻ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കരാറാകും സൗദി, ഇസ്രായിൽ കരാർ. ഇത് സാധ്യമാക്കാൻ ബൈഡൻ ഭരണകൂടത്തിന് സഹായിക്കാൻ സാധിക്കും. നിലവിൽ ഇസ്രായിലുമായി സൗദി അറേബ്യക്ക് ബന്ധമില്ല. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ചരിത്രപരമായ കരാർ സാധ്യമാക്കുന്നതിൽ ബൈഡൻ ഭരണകൂടം വിജയിക്കുന്ന പക്ഷം ഇസ്രായിലുമായുള്ള സൗദി അറേബ്യയുടെ ബന്ധം ആരംഭിക്കും. ഇസ്രായിൽ ഭരണകൂടത്തിന് ആരാണ് നേതൃത്വം നൽകുന്നത് എന്ന കാര്യം പരിഗണിക്കാതെ ഈ ബന്ധം തുടരും.
ബൈഡനുമായി മികച്ച ബന്ധം
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സൗദി അറേബ്യക്ക് മികച്ച ബന്ധങ്ങളാണുള്ളത്. അമേരിക്കയിൽ നിന്ന് ഏറ്റവുമധികം ആയുധങ്ങൾ വാങ്ങുന്ന അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ സുരക്ഷാ ബന്ധങ്ങളുണ്ട്. അമേരിക്കയല്ലാത്ത മറ്റു രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യ ആയുധങ്ങൾ വാങ്ങുന്നത് അമേരിക്കയുടെ താൽപര്യത്തിന് നിരക്കുന്നതല്ല. നിരവധി പ്രശ്‌നങ്ങളിൽ സൗദി അറേബ്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുന്നു.
ബിൻ ലാദൻ സൗദിയുടെയും അമേരിക്കയുടെയും ശത്രു
അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിൻ സൗദി അറേബ്യയുടെയും അമേരിക്കയുടെയും ശ്രത്രുവായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ വഴക്കുണ്ടാക്കാൻ ഉസാമ ബിൻ ലാദിൻ പദ്ധതിയിട്ടിരുന്നു. റഷ്യ, ഉക്രൈൻ സംഘർഷം പരിഹരിക്കാൻ സൗദി അറേബ്യ കഠിന പ്രയത്‌നങ്ങൾ നടത്തുന്നു. റഷ്യയുമായും ഉക്രൈനുമായും തങ്ങൾക്ക് മികച്ച ബന്ധങ്ങളുണ്ട്.
ചൈനീസ് പ്രസിഡന്റുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ചൈന ദുർബലമായി കാണണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ചൈനയുടെ തകർച്ച അമേരിക്ക അടക്കം മുഴുവൻ ലോക രാജ്യങ്ങളുടെയും തകർച്ചക്ക് വഴിവെക്കും.