Sorry, you need to enable JavaScript to visit this website.

സ്വത്ത് ജപ്തി; ലോട്ടറി രാജാവിന് വീണ്ടും തിരിച്ചടി, സാന്റിയാഗോ മാർട്ടിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി - വിവാദ ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സ്വത്ത് ജപ്തി ചെയ്ത ഇ.ഡി നടപടി ചോദ്യംചെയ്തുള്ള ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഹരജി സിംഗ്ൾ ബെഞ്ച് തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജിയും ഹൈക്കോടതി തള്ളി. 893 കോടി രൂപയുടെ സ്വത്ത് താത്കാലികമായി ജപ്തി ചെയ്ത നടപടിക്കെതിരെ സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.
 കേരളത്തിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ലോട്ടറിക്കച്ചവടം നടത്തിയ കേസിൽ സാന്റിയാഗോ മാർട്ടിൻ പങ്കാളിയായ എം.ജെ അസോസിയേറ്റ്‌സിനെതിരെ സി.ബി.ഐ നേരത്തെ കുറ്റപത്രം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി കേസെടുത്ത് സ്വത്തുക്കൾ ജപ്തി ചെയ്തത്. തനിക്ക് എം.ജെ അസോസിയേറ്റ്‌സിൽ 51 ശതമാനം ഓഹരിയും മറ്റൊരു പങ്കാളിയായ ജയമോഹന് 49 ശതമാനം ഓഹരിയുമാണുള്ളതെന്നും പാര്ട്ട്ണർഷിപ്പ് കമ്പനിയുടെ പേരിലുള്ള കേസിൽ തന്റെ സ്വത്തില് നിന്ന് 464.35 കോടി രൂപയുടെ സ്വത്ത് മാത്രമേ ജപ്തി ചെയ്യാനാവൂയെന്നായിരുന്നു സാന്റിയാഗോ മാർട്ടിന്റെ വാദം. എന്നാൽ, ജപ്തി നടപടികൾക്കെതിരെ സ്വതന്ത്ര അതോറിറ്റിയെയും അപ്‌ലറ്റ് ട്രൈബ്യൂണലിനെയും സമീപിക്കാമെന്നിരിക്കെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് നിയമപരമല്ലെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ വാദം. തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

Latest News