കൊച്ചി - താനൂരില്‍ താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സി ബി ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നഈ പോലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. ഇവര്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളാണ്. അന്വേഷണ സംഘത്തലവന്‍ ഡി വൈ എസ് പി റോണക് കുമാറാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സി ബി ഐ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.