തിരുവനന്തപുരം-കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ നാലരയോടെയാണ് ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലെത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. കാസര്‍കോട്-തിരുവനന്തപുരം പാതയില്‍ ആലപ്പുഴ വഴിയാകും രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഓടുക. 24-ന് മന്‍കിബാത് പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി കേരളത്തിലേത് ഉള്‍പ്പെടെ ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം ഷെഡ്യൂള്‍പ്രകാരമുള്ള യാത്ര ഉണ്ടാകില്ല.
ആഴ്ചയില്‍ ആറു ദിവസമാകും ട്രെയിന്‍ സര്‍വീസ് നടത്തുക. ചൊവ്വാഴ്ച ട്രെയിന്‍ ഉണ്ടാകില്ല. രാവിലെ ഏഴിന് കാസര്‍കോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് മൂന്നരയ്ക്കുമുമ്പ് തിരുവനന്തപുരത്തെത്തും വിധമാകും സമയക്രമം. കണ്ണൂര്‍ 8.03, കോഴിക്കോട് 9.03, ഷൊര്‍ണൂര്‍ 10.03, തൃശ്ശൂര്‍ 10.38, എറണാകുളം 11.45, ആലപ്പുഴ 12.38, കൊല്ലം 1.55 എന്നിങ്ങനെയുള്ള സമയക്രമമാകും ട്രെയിനിന്റേത്.
മടക്കയാത്രയില്‍ വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം 4.53, ആലപ്പുഴ 5.05, എറണാകുളം 6.35, തൃശ്ശൂര്‍ 7.40, ഷൊര്‍ണൂര്‍ 8.15, കോഴിക്കോട് 9.16, കണ്ണൂര്‍ 10.16, കാസര്‍കോട് 11.55-ന് എത്തും. തിരുവനന്തപുരം കൊച്ചുവേളി യാര്‍ഡിലാണ് ട്രെയിനിന്റെ അറ്റകുറ്റപ്പണിയും പരിപാലനവും നിശ്ചയിച്ചിട്ടുള്ളത്.