Sorry, you need to enable JavaScript to visit this website.

ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി വൻ നേട്ടം, സൗദിയെ തടയാനാകില്ല-മുഹമ്മദ് ബിൻ സൽമാൻ

റിയാദ്- ഇന്ത്യയെയും യൂറോപ്പിനെയും സൗദി അറേബ്യ അടക്കമുള്ള ഗൾഫ് വഴി ബന്ധിപ്പിക്കുന്ന പദ്ധതി സാമ്പത്തിക മേഖലയിൽ വൻ പുരോഗതിക്ക് കാരണമാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം പറഞ്ഞത്. പദ്ധതി ഇന്ത്യക്കും യൂറോപ്പിനുമിടയിലെ വ്യാപാര സാമ്പത്തിക കൈമാറ്റത്തിന് മൂന്നു മുതൽ ആറുവരെ ദിവസം ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദൽഹിയിൽ സമാപിച്ച ജി.20 ഉച്ചകോടിയിലാണ് ഇന്ത്യക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഇടനാഴി രൂപീകരിക്കാൻ തീരുമാനിച്ചത്. 
സൗദി അറേബ്യയുടെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് ഞാൻ എന്റെ സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സൗദി അറേബ്യ സന്ദർശിക്കാൻ ഇനിയും മടി കാണിക്കുന്നവരോടായി പറയുകയാണ്. സൗദി അറേബ്യയാണ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ രചിച്ചിരിക്കുന്നത്. രാജ്യം വികസിക്കുന്നതും അതിവേഗത്തിൽ പുരോഗി പ്രാപിക്കുന്നതും തുടരുക തന്നെ ചെയ്യും. ഒരു ദിവസം പോലും അത് നിലയ്ക്കുകയോ നിർത്തുകയോ ചെയ്യില്ല.


അമേരിക്കയുമായി വരാനിരിക്കുന്ന കരാറുകൾ ഇരു രാജ്യങ്ങൾക്കും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും ഗുണകരമാണ്. സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിൽ ബൈഡൻ ഭരണകൂടം വിജയിച്ചാൽ, ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും ഇത്. ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള കരാർ ഒപ്പുവെക്കുന്നതിന് വേണ്ടി അമേരിക്കയുമായി ചർച്ച നടത്തുകയാണ്. 
സൗദിയുടെ പെട്രോളിയം നയം വിതരണവും ഡിമാൻഡും അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. എണ്ണ വിപണികളുടെ സ്ഥിരതയ്ക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ബ്രിക്സ് ഗ്രൂപ്പ് അമേരിക്കയ്ക്കോ പാശ്ചാത്യ രാജ്യങ്ങൾക്കോ വേണ്ടിയുള്ള ഏതെങ്കിലും തരത്തിലുള്ള ഭൗമരാഷ്ട്രീയ മത്സരത്തെ പ്രതിനിധീകരിക്കുന്നില്ല. സൗദിക്കും ഇറാനുമിടയിലെ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തീരുമാനിച്ചത് ചൈനയാണ്. കഴിഞ്ഞ കാലത്തും ഇന്നും ഭാവിയിലും യെമനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഒരു സുസ്ഥിര രാഷ്ട്രീയ പരിഹാരത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. 
അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായുള്ള സൗദിയുടെ ബന്ധങ്ങൾ വ്യത്യസ്തമാണ്. നിരവധി പൊതുവായ വിഷയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 


സാമ്പത്തികമായി വികസിപ്പിക്കുന്നതിനും മുന്നേറുന്നതിനുമായി മേഖലയിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കണം. ഇറാൻ ആണവായുധം സ്വന്തമാക്കുകയാണെങ്കിൽ ഞങ്ങളും അതു നേടേണ്ടതുണ്ട്. ഈ മേഖലയിലെ അധികാര സന്തുലിതാവസ്ഥയ്ക്ക് അത് ആവശ്യമാണ്. ഇറാനുമായുള്ള ബന്ധം നല്ല രീതിയിൽ പുരോഗമിക്കുകയാണ്, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഏതെങ്കിലും രാജ്യത്തിന് ആണവായുധങ്ങൾ ലഭ്യമാകുന്നത് നല്ല കാര്യല്ലെന്നും ലോകത്തിന് ഇനിയൊരു ഹിരോഷിമ താങ്ങാനുള്ള കരുത്തില്ലെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം പറഞ്ഞത്. ആണവായുധങ്ങൾ കൈവശം വെക്കുന്നതുകൊണ്ട് പ്രയോജനമില്ല. കാരണം അവ ഉപയോഗിക്കാനാകില്ല. ആണവായുധം കൈവശം വെക്കുന്ന ഏതൊരു രാജ്യവും ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുമായും യുദ്ധത്തിലേർപ്പെടുകയാണ്. 
ഫലസ്തീൻ പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും എം.ബി.എസ് ഊന്നിപ്പറഞ്ഞു. 'ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഫലസ്തീൻ പ്രശ്‌നം വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ രാജ്യത്തിന്റെ ശത്രുവാണ്. അമേരിക്കക്ക് എന്ന പോലെ സൗദി അറേബ്യക്കും ബിൻലാദൻ ശത്രുവായിരുന്നു.

അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് ന്യൂസ് പ്രതിനിധിയാണ് കിരീടാവകാശിയെ അഭിമുഖം നടത്തിയത്.  
വെറ്ററൻ ബ്രോഡ്കാസ്റ്ററും ചീഫ് പൊളിറ്റിക്കൽ കറസ്പോണ്ടന്റുമായ ബ്രെറ്റ് ബെയർ സൗദി അറേബ്യയിൽ ക്യാംപ് ചെയ്ത് നിരവധി പ്രമുഖരുമായി അഭിമുഖം നടത്തി. സൗദിയുടെ എണ്ണ സമ്പത്ത്, നടപ്പാക്കുന്ന സാമൂഹിക പരിഷ്‌കരണങ്ങൾ, സാമ്പത്തിക വൈവിധ്യവൽക്കരണം, യു.എസുമായുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ച് നിരവധി ഉന്നത ഉദ്യോഗസ്ഥരുമായും ബ്രെറ്റ് ബെയർ ചർച്ച നടത്തി. 

'ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരിൽ ഒന്നാണ്, ഇസ്്‌ലാമിന്റെ ഉത്ഭവം, (ഒപ്പം) ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമി, ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച, ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്നിവയെല്ലാം സൗദിയുടെ പ്രത്യേകതയാണെന്നും ചാനൽ അഭിമുഖ പ്രൊമോ വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു. 
രാഷ്ട്രീയമായി, അറബികളുടെയും മുസ്ലീങ്ങളുടെയും സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലും അതിന്റെ സുപ്രധാന തന്ത്രപരമായ സ്ഥാനമെന്ന നിലയിലും ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് സൗദി എന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത രണ്ട് രാത്രികളിൽ, സൗദി എന്താണെന്നും അതിന്റെ സൗന്ദര്യവും, അതുല്യതയും ലോകകാര്യങ്ങളിൽ അതിന്റെ വർദ്ധിച്ചുവരുന്ന പ്രധാന പങ്കും നിങ്ങൾക്ക് കാണിച്ചുതരാൻ പ്രത്യേക കാഴ്ച ഞങ്ങൾ കൊണ്ടുവരുന്നുവെന്നും അഭിമുഖത്തിനായുള്ള പ്രൊമോ വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം, സൗദി അറേബ്യയുടെ ടൂറിസം, സമ്പദ്വ്യവസ്ഥ, ഊർജം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിമാരുമായി ബെയർ കൂടിക്കാഴ്ച നടത്തി.  

Latest News