റിയാദ്- ഏതെങ്കിലും രാജ്യത്തിന് ആണവായുധങ്ങൾ ലഭ്യമാകുന്നത് നല്ല കാര്യല്ലെന്നും ലോകത്തിന് ഇനിയൊരു ഹിരോഷിമ താങ്ങാനുള്ള കരുത്തില്ലെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം പറഞ്ഞത്. ആണവായുധങ്ങൾ കൈവശം വെക്കുന്നതുകൊണ്ട് പ്രയോജനമില്ല. കാരണം അവ ഉപയോഗിക്കാനാകില്ല. ആണവായുധം കൈവശം വെക്കുന്ന ഏതൊരു രാജ്യവും ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുമായും യുദ്ധത്തിലേർപ്പെടുകയാണ്.
ഫലസ്തീൻ പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും എം.ബി.എസ് ഊന്നിപ്പറഞ്ഞു. 'ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഫലസ്തീൻ പ്രശ്‌നം വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതതിനുള്ള പ്രവർത്തനങ്ങളുമായി സൗദി അറേബ്യ മുന്നോട്ടുനീങ്ങുന്നുണ്ട്. ലക്ഷ്യത്തിലേക്ക് ഞങ്ങൾ ഓരോ ദിവസവും അടുത്തുകൊണ്ടിരിക്കുകയാണ്. അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ രാജ്യത്തിന്റെ ശത്രുവാണ്. അമേരിക്കക്ക് എന്ന പോലെ സൗദി അറേബ്യക്കും ബിൻലാദൻ ശത്രുവായിരുന്നു-എം.ബി.എസ് വ്യക്തമാക്കി.
അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് ന്യൂസ് പ്രതിനിധിയാണ് കിരീടാവകാശിയെ അഭിമുഖം നടത്തിയത്.
വെറ്ററൻ ബ്രോഡ്കാസ്റ്ററും ചീഫ് പൊളിറ്റിക്കൽ കറസ്പോണ്ടന്റുമായ ബ്രെറ്റ് ബെയർ സൗദി അറേബ്യയിൽ ക്യാംപ് ചെയ്ത് നിരവധി പ്രമുഖരുമായി അഭിമുഖം നടത്തി. സൗദിയുടെ എണ്ണ സമ്പത്ത്, നടപ്പാക്കുന്ന സാമൂഹിക പരിഷ്‌കരണങ്ങൾ, സാമ്പത്തിക വൈവിധ്യവൽക്കരണം, യു.എസുമായുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ച് നിരവധി ഉന്നത ഉദ്യോഗസ്ഥരുമായും ബ്രെറ്റ് ബെയർ ചർച്ച നടത്തി.
'ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരിൽ ഒന്നാണ്, ഇസ്്‌ലാമിന്റെ ഉത്ഭവം, (ഒപ്പം) ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമി, ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച, ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്നിവയെല്ലാം സൗദിയുടെ പ്രത്യേകതയാണെന്നും ചാനൽ അഭിമുഖ പ്രൊമോ വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയമായി, അറബികളുടെയും മുസ്ലീങ്ങളുടെയും സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലും അതിന്റെ സുപ്രധാന തന്ത്രപരമായ സ്ഥാനമെന്ന നിലയിലും ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് സൗദി എന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് രാത്രികളിൽ, സൗദി എന്താണെന്നും അതിന്റെ സൗന്ദര്യവും, അതുല്യതയും ലോകകാര്യങ്ങളിൽ അതിന്റെ വർദ്ധിച്ചുവരുന്ന പ്രധാന പങ്കും നിങ്ങൾക്ക് കാണിച്ചുതരാൻ പ്രത്യേക കാഴ്ച ഞങ്ങൾ കൊണ്ടുവരുന്നുവെന്നും അഭിമുഖത്തിനായുള്ള പ്രൊമോ വീഡിയോയിൽ പറഞ്ഞിരുന്നു.
അതേസമയം, സൗദി അറേബ്യയുടെ ടൂറിസം, സമ്പദ്വ്യവസ്ഥ, ഊർജം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിമാരുമായി ബെയർ കൂടിക്കാഴ്ച നടത്തി.
എം.ബി.എസിനെ അഭിമുഖം നടത്തിയ ബ്രെറ്റ് ബെയറിന്റെ ജീവിതരേഖ
* ഒരു അമേരിക്കൻ അവതാരകനും പത്രപ്രവർത്തകനുമാണ്.* ന്യൂജേഴ്സിയിലെ റംസണിൽ ജനിച്ച അദ്ദേഹം 1992-ൽ ഡിപോ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ഇംഗ്ലീഷിലും ബിരുദം നേടി.
* 1998-ൽ ഫോക്സ് ന്യൂസിൽ ചേർന്ന ബെയർ ജോർജ്ജ് ഡബ്ല്യു. ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് നെറ്റ്വർക്കിന്റെ ചീഫ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റായി സേവനമനുഷ്ഠിച്ചു.
* പെന്റഗണിലെ 9/11 ആക്രമണം, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾ എന്നിങ്ങനെ സമീപകാല യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സംഭവങ്ങൾ അദ്ദേഹം കവർ ചെയ്തു.
* ഫോക്സിന്റെ മുഖ്യ രാഷ്ട്രീയ ലേഖകൻ എന്ന നിലയിലും ഫോക്സ് ന്യൂസിലെ ഒരു രാത്രി വാർത്തയും രാഷ്ട്രീയ വിശകലന പരിപാടിയായ ബ്രെറ്റ് ബെയറുമായുള്ള സ്പെഷ്യൽ റിപ്പോർട്ട് ഹോസ്റ്റ് ചെയ്യുന്നതിലൂടെയും ആഗോള പ്രശസ്തൻ.
* മുൻ യുഎസ് പ്രസിഡന്റുമാരായ ഡൊണാൾഡ് ട്രംപ് (2023), ബരാക് ഒബാമ (2016), ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി (2022) എന്നിവരുൾപ്പെടെ സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചില രാഷ്ട്രീയ വ്യക്തികളെ ബെയർ അഭിമുഖം നടത്തിയിട്ടുണ്ട്.
*മികച്ച പത്രപ്രവർത്തനത്തിനുള്ള കെന്നത്ത് വൈ. ടോംലിൻസൺ അവാർഡും ബ്രോഡ്കാസ്റ്റ് ജേർണലിസത്തിലെ മികവിനുള്ള സോൾ ടൈഷോഫ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ബെയറിനു ലഭിച്ചിട്ടുണ്ട്.
* 'സ്‌പെഷ്യൽ ഹാർട്ട്: എ ജേർണി ഓഫ് ഫെയ്ത്ത്, ഹോപ്പ്, കറേജ്, ആന്റ് ലവ്', 'ടു റെസ്‌ക്യൂ ദ റിപ്പബ്ലിക്ക്' എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.