തിരുവനന്തപുരം - കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടന്റെ റിസോർട്ട് ഇടപാടിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ചിന്നക്കനാലിലെ ഒരേക്കർ പതിനൊന്നര സെന്റ് സ്ഥലമിടപാടിലാണ് അന്വേഷണം.
ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും റജിസ്റ്റർ ചെയ്തതിലും ക്രമക്കേടുണ്ടായെന്നും ഇത് അന്വേഷിക്കണമെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിക്ക് പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ നടപടി സ്വീകരിച്ചത്. 1988-ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം നടത്തുക. മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ഗുരുതരമായ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം നേതൃത്വം എം.എൽ.എക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.