അമൃതസര്‍- ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അകാല്‍ തഖ്ത് ജതേദാര്‍ ഗിയാനി രഘ്ബീര്‍ സിംഗ് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും 1984ലെ കലാപവും സിഖ്കാരെ ഓര്‍മപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളെ 'സെന്‍സേഷണല്‍ ന്യൂസ്' എന്നാണ് സിഖുകാരുടെ പരമോന്നത കേന്ദ്രമായ അകാല്‍ തഖ്തിന്റെ ജതേദാര്‍ വീഡിയോ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെങ്കില്‍ ഇതിലും മോശം മറ്റെന്തുണ്ട് എന്ന ചോദ്യവും ജതേദാര്‍ ഉന്നയിച്ചു. കാനഡ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.