Sorry, you need to enable JavaScript to visit this website.

കസ്തൂരിരംഗൻ: അക്രമ സംഭവങ്ങളിൽ പ്രതികളായവരെ കോടതി വെറുതെ വിട്ടു

കോഴിക്കോട്- കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായ ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതികളായവരെയെല്ലാം കോടതി വെറുതെ വിട്ടു. ഹർത്താലിനിടെ താമരശ്ശേരി വനംവകുപ്പ് ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു ഫയലുകളും വാഹനങ്ങളുമടക്കം കത്തിച്ചുവെന്ന കേസിലാണ് 34 പ്രതികളെയും മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ വെറുതെ വിട്ടത്. 
ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം പ്രധാന സാക്ഷികൾ കൂറുമാറിയതും വിസ്താര സമയത്ത് കേസ് ഡയറി കാണാതായതും കൂറുമാറ്റത്തെപ്പറ്റി അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടതും ഈ കേസിൽ ഏറെ വിവാദമുണ്ടാക്കിയിരുന്നു. മൊത്തം 35 പ്രതികളുള്ള കേസിൽ അഞ്ചാം പ്രതി സുരേഷ് വിചാരണക്ക് മുമ്പ് മരിച്ചിരുന്നു. 


പുല്ലൂരാമ്പാറ കുരുവൻ പറമ്പിൽ യശോധരൻ, മീൻമുട്ടി തെക്കുന്നേൽ ബൈജു, പുല്ലൂരാമ്പാറ ചെമ്പനാനിക്കൽ തങ്കച്ചൻ, മുറമ്പാത്തി കുടിപ്പാറ ബിജു, മുണ്ടൂർ പുത്തൻ പുരക്കൽ ചെറിയാൻ തോമസ്, കൂരോട്ട് പാറ മറോട്ടിക്കൽ ബിജു ജോസഫ്, മുണ്ടൂർ കൂക്കിപ്പറമ്പിൽ സിബിൻ ജോൺ, മുണ്ടൂർ മൂലേപ്പറമ്പിൽ തോമസ്, പുത്തൻ പുരക്കൽ തോമസ്, പുലിക്കയം തോണിക്കൽ നിധിൻ, ചെമ്പുകടവ് ഇല്ലത്ത് സുലൈമാൻ, മീൻമുട്ടി മണ്ണരോത്ത് അനീഷ്, ചെമ്പുകടവ് അരക്കൽ ജിനേഷ് ബാബു, മുണ്ടൂർ ചക്കാലക്കുഴിയിൽ എബിൻ ഫിലിപ്, ചെമ്പുകടവ് അലക്കൽ അനിൽകുമാർ, പാറപ്പുറത്ത് മുഹമ്മദ് ഷഫീഖ്, മുണ്ടൂർ വടക്കേകകര ഹരീഷ്, കോടഞ്ചേരി തെച്ചപ്പാറ ഏഴക്കുന്നേൽ ജൈസൺ, മീൻമുട്ടി പത്തിപ്പാറ കീഴാം പലാക്കൽ ജിജി, പറൂലിയിൽ ഫൈസൽ, പെക്കുഴി ബിജു, പത്തിപ്പാറ കാട്ടിലേടത്ത് വിജിലേഷ്, മീൻമുട്ടി കളപ്പുറക്കൽ ജോസഫ്, കാരായിൽ ഉണ്ണികൃഷ്ണൻ, കോടഞ്ചേരി വട്ടപ്പാറ അഷാംസ് ജോഷൽ, മുണ്ടൂർ കൂരോട്ട് പാറ ആനഞ്ചേരി ഗോപി, ചൊറിക്കാവുങ്ങൽ ലിജോ, ചൊറിക്കാവുങ്ങൽ ബിനോയ് തടത്തേൽ, തുഷാരഗിരി കാഞ്ഞിരത്തിങ്ങൽ വിനു, മുണ്ടൂർ പെരുപള്ളി ജോസ്, നെയ്യാറ്റും പറമ്പിൽ കുര്യൻ, നെയ്യാറ്റും പറമ്പ് സാബു, നെല്ലിപ്പൊയിൽ നീർവേലി ഫെബിൻ വർഗീസ്, ചെമ്പുകടവ് പുലിക്കുന്നേൽ രജീഷ് എന്നിവരെയാണ് വിട്ടയച്ചത്. അഡ്വ. എൻ. ഭാസ്‌ക്കരൻ നായർ, അഡ്വ. ഷഹീർ സിങ്, അഡ്വറോബിൻ തോമസ്, ബെന്നി സബാസ്റ്റ്യൻ എന്നിവർ പ്രതികൾക്കായി ഹാജരായി. പരേതനായ അഡ്വ. എം. അശോകനും പ്രതികൾക്കായി ഹാജരായിരുന്നു. 
2013 നവംബർ 15ന് കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ നടന്ന ഹർത്താലിലാണ് ഓഫീസ് കത്തിച്ചത്. വനം വകുപ്പിലെ നിരവധി പ്രധാന രേഖകൾ കത്തിനശിച്ചു. ഓഫീസിന് ചുറ്റുമുള്ള മരങ്ങൾ വെട്ടിമുറിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. അന്നത്തെ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവരെ ഹർത്താലനുകൂലികൾ വളഞ്ഞിട്ട് തടഞ്ഞു. വിചാരണ വേളയിൽ അക്രമികളെ തിരിച്ചറിയാൻ സാധിക്കില്ലെന്ന നിലപാടാണ് പോലീസടക്കം സ്വീകരിച്ചത്. ആയിരക്കണക്കിന് ആളുകൾ ഉൾപ്പെട്ട അക്രമ സംഭവത്തിലായിരുന്നു 35 പേരെ പ്രതിയാക്കിയത്.

Latest News