Sorry, you need to enable JavaScript to visit this website.

വർക്ക് പെർമിറ്റ് പുതുക്കാൻ സെപ്റ്റംബർ മുതൽ വാടകക്കരാർ നിർബന്ധം

റിയാദ് - വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പതുക്കുന്നതിന് ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്ത പാർപ്പിട വാടക കരാർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ അടുത്ത സെപ്റ്റംബർ ഒന്നു മുതൽ നടപ്പാക്കി തുടങ്ങാൻ തൊഴിൽ-സാമൂഹിക വികസന മന്ത്രാലയവും പാർപ്പിടകാര്യ മന്ത്രാലയവും ധാരണയിലെത്തി. ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ വർക്ക് പെർമിറ്റുകൾ ഇഷ്യു ചെയ്യുന്നതിനെയും വർക്ക് പെർമിറ്റ് പുതുക്കുന്നതിനെയും പാർപ്പിട കരാറുമായി ബന്ധിപ്പിക്കുന്നത്. പുതിയ വർക്ക് പെർമിറ്റുകൾ ഇഷ്യു ചെയ്യുന്നതിനും വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്ത വാടക കരാർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർബന്ധമാക്കണമെന്ന് അനുശാസിക്കുന്ന തീരുമാനം ഒന്നര വർഷം മുമ്പ് മന്ത്രിസഭ കൈക്കൊണ്ടിരുന്നു. ഇഖാമ പുതുക്കുന്നതിന് വർക്ക് പെർമിറ്റ് പുതുക്കൽ നിർബന്ധമാണ്. ഫലത്തിൽ പ്രവാസികൾ താമസിക്കുന്നതിന്റെ രേഖ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഇഖാമ പുതുക്കാനാകില്ല.  

ആദ്യ ഘട്ടത്തിൽ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനെയാണ് ഈജാർ നെറ്റ്‌വർക്കിലെ പാർപ്പിട കരാറുകളുമായി ബന്ധിപ്പിക്കുക. വർക്ക് പെർമിറ്റുകളെ പാർപ്പിട കരാറുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന വിഭാഗങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. ഈജാർ നെറ്റ്‌വർക്കിൽ പാർപ്പിട കരാറുകൾ വിദേശികൾ രജിസ്റ്റർ ചെയ്യുന്നത് ഉറപ്പുവരുത്തുന്നതിനാണ് തൊഴിൽ-സാമൂഹിക വികസന മന്ത്രാലയവും പാർപ്പിടകാര്യ മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണയിലൂടെ ലക്ഷ്യമിടുന്നത്. കെട്ടിട ഉടമകൾ, വാടകക്കാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, നിക്ഷേപകർ എന്നിവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന് ശ്രമിച്ച്, റിയൽ എസ്റ്റേറ്റ് വിപണി നേരിടുന്ന വെല്ലുവിളികൾക്ക് സുസ്ഥിര പോംവഴികളുണ്ടാക്കി, വാടക മേഖല സന്തുലിതമായി പരിഷ്‌കരിക്കുന്നതിനാണ് പാർപ്പിടകാര്യ മന്ത്രാലയം ശ്രമിക്കുന്നത്. 

സുതാര്യതയും വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തി വാടക മേഖല ക്രമീകരിക്കുന്നതിനും, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതിനും സഹായകമാകുന്ന ഒരുപറ്റം സംയോജിത ഇലക്‌ട്രോണിക് സേവനങ്ങളിലൂടെ വാടക മേഖലാ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ഇതിലൂടെ ഉന്നമിടുന്നു. ഈജാർ നെറ്റ്‌വർക്കിൽ വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിന്, ഈജാർ അംഗീകാരമുള്ള ഏറ്റവും അടുത്ത റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ വിലാസം അറിയുന്നതിന് കെട്ടിട ഉടമകളെയും വാടകക്കാരെയും സഹായിക്കുന്ന ആപ്ലിക്കേഷൻ അടക്കമുള്ള ഏതാനും സേവനങ്ങൾ പാർപ്പിടകാര്യ മന്ത്രാലയം ഇതോടനുബന്ധിച്ച് ലഭ്യമാക്കിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2018 ഫെബ്രുവരി 12 ന് ആണ് പാർപ്പിടകാര്യ മന്ത്രാലയം ഈജാർ നെറ്റ്‌വർക്ക് പ്രോഗ്രാം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.
 

Latest News