Sorry, you need to enable JavaScript to visit this website.

നവനാസ്തികതയല്ല ഇസ്‍ലാമാണ് യുക്തിയുടെ പ്രത്യയശാസ്ത്രം -എം.എം അക്ബർ

ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ സംഘടിപ്പിച്ച പഠനക്ലാസിൽ എം.എം അക്ബർ സംസാരിക്കുന്നു.

ജിദ്ദ- പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ മേലങ്കിയണിഞ്ഞ് കടന്നുവരുന്ന നവനാസ്തികത കുടുംബ ശൈഥില്യവും അരാജകത്വവുമാണ് വിതയ്ക്കുന്നതെന്ന് വാഗ്മിയും ഗ്രന്ഥകാരനും ഇസ് ലാമിക പ്രബോധകനുമായ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബർ അഭിപ്രായപ്പെട്ടു. 'നവനാസ്തികത, ഇസ് ലാമിനോടെന്താണ് വിരോധം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവനാസ്തികതയുടെ പ്രവാചകന്മാരായി അറിയപ്പെടുന്ന ഒന്നാം ലോക രാജ്യങ്ങളിലെ ബുദ്ധിജീവികളെല്ലാം തന്നെ ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിന് വേണ്ടി ചെലവഴിക്കേണ്ട ഊർജം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി മാറ്റിവയ്ക്കുന്ന കാഴ്ചക്കാണ് വർത്തമാനകാലം സാക്ഷ്യം വഹിക്കുന്നത്. നവനാസ്തികത അരാജകത്വത്തിന്റെ ഇരുണ്ട ആഴിയിൽ മുങ്ങിത്തപ്പുന്ന യുവതലമുറയെയല്ലാതെ മറ്റൊന്നും ആധുനിക സമൂഹത്തിന് സംഭാവന ചെയ്യുന്നില്ല. പുതിയ കാലത്തിന്റെ യൗവനത്തെ സന്തോഷത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ എത്തിക്കാൻ ലഹരിയുടെ അതിപ്രസരണത്തെയും വിലക്കുകളില്ലാത്ത ലൈംഗികതയേയും ഉപയോഗിച്ച് കമ്പോളവൽക്കരിക്കുന്ന മുതലാളിത്തത്തിന്റെ കുഴലൂത്തുകാരായി അവർ മാറിയിരിക്കുന്നു -അദ്ദേഹം പറഞ്ഞു. 
യുക്തിരാഹിത്യത്തിന്റെ പര്യായമായ വർത്തമാനകാല നവനാസ്തികരെ അധർമ്മത്തിന്റെ ചാലക ശക്തികളായി വേണം സമൂഹം കണക്കാക്കാൻ. ഇവരിലൂടെ ധർമ്മത്തിന്റെയും ന്യായത്തിന്റെയും നന്മയുടെയും കുടുംബ ബന്ധങ്ങളുടെയും തകർച്ചയല്ലാതെ മറ്റൊന്നും പുലരാനില്ല എന്നദ്ദേഹം പറഞ്ഞു. ഇവരുടെ അധാർമികമായ പ്രത്യയശാസ്ത്രങ്ങളോട് ബൗദ്ധികമായി സംവദിക്കുവാൻ ഇസ് ലാം എന്ന അജയ്യമായ പ്രത്യയശാസ്ത്രത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് വാസ്തവം. മുതലാളിത്തത്തിന്റെ കച്ചവട കണ്ണുകളെ അത് പ്രതികൂലമായി ബാധിക്കുന്നു എന്നതു കൊണ്ടു തന്നെയാണ് നവനാസ്തികർ ഇസ് ലാമിനെതിരെ ശക്തമായ കൂരമ്പുകൾ എയ്തു വിടുന്നത്. 
എന്തിലും ഏതിലും കമ്പോളം മാത്രം ലക്ഷ്യം വെക്കുന്നവർക്ക് ധാർമികതയോടോ നന്മയോടോ യാതൊരു കൂറും ഉണ്ടാവുകയില്ല എന്നിരിക്കെ അത്തരത്തിലുള്ള മൂല്യച്യുതികൾക്ക് മുന്നിൽ ആത്യന്തികമായ ധർമ്മനിഷ്ഠയുടെ പരിഹാര സിദ്ധാന്തങ്ങളുമായി ഇസ് ലാമിനല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രത്തിനും കടന്നുവരാൻ കഴിയുന്നില്ല എന്നതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. നശ്വരമായ ജീവിതം നയിക്കേണ്ട  മനുഷ്യൻ, തന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോഴാണ് കൃത്യമായ സാമൂഹിക ബോധത്തോടുകൂടി നിലനിൽക്കുന്ന ഒരു ജനസമൂഹം ജന്മം കൊള്ളുന്നത്. അവിടെ കൃത്യമായ നിയമങ്ങളും പരിധികളും ഉണ്ട്. നന്മയിൽ അധിഷ്ഠിതമായ ജനസമൂഹത്തെ വാർത്തെടുക്കുന്നതിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്ന ആ പ്രത്യയശാസ്ത്രമാണ് ഇസ് ലാം. ഞാനെന്ന അച്ചുതണ്ടിൽ ഈ ലോകം കറങ്ങണമെന്നും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചായിരിക്കണം ഈ  ലോകത്തിന്റെ ക്രമമെന്നും അതുവഴി സർവതന്ത്ര സ്വതന്ത്രനായി ജീവിക്കണമെന്നും ആഗ്രഹിക്കുന്ന നവനാസ്തികർക്ക് ആ ഇസ് ലാമിനോട് വെറുപ്പായിരിക്കും എന്നതിൽ അത്ഭുതപ്പെടാനില്ല എന്നദ്ദേഹം പ്രസ്താവിച്ചു. 
സ്വാതന്ത്ര്യത്തിന്റെ സൂചിക പട്ടികയിൽ ഒന്നാം സ്ഥാനം ലഭ്യമായ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ മതമില്ല എന്ന് കൊട്ടിഘോഷിക്കുന്നവർ അവിടെയുള്ള യുവാക്കളിലെ ആത്മഹത്യാ നിരക്കുകളെ കുറിച്ച് മൗനമവലംബിക്കുന്നത് ആ രാജ്യങ്ങളിൽ നിലനിൽക്കുന്ന അരാജകത്വത്തിന്റെ സൂചികയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പഠനങ്ങളെ നവനാസ്തികതയുടെ പക്ഷപാതമില്ലാതെ സമീപിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത് 'മതം മനുഷ്യന്റെ വികാസത്തിന് വിലങ്ങു തടിയാവുകയല്ല, മറിച്ച് അവന്റെ ഉന്നമനത്തിനുള്ള വഴിയൊരുക്കുകയാണ് എന്ന തിരിച്ചറിവാണ്'.
ആശയപരമായി ഇസ് ലാമിനെ നേരിടുന്നതിൽ പരാജയപ്പെടുന്ന നവനാസ്തികത ഇസ് ലാം വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു. ഇതിന്റെ ആശയങ്ങൾ ഉപാധികളില്ലാത്ത സ്വാതന്ത്ര്യത്തിന്റേയും ജെൻഡർ ന്യൂട്രലിന്റേയും രൂപത്തിൽ ആസ്വാദനത്തിന്റെ എല്ലാ സീമകളേയും ഭേദിച്ച് അധാർമികതയുടെ പടുകുഴിയിലേക്ക് ഇളം തലമുറയെ തള്ളിവിടുന്ന ഒരു സാമൂഹ്യ വിപത്തായി വേണം കാണാൻ എന്നദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷനായ പരിപാടിയിൽ ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
 

Latest News