Sorry, you need to enable JavaScript to visit this website.

ട്രയൽ റൺ ഇന്നില്ല; ഇടുക്കി ജലനിരപ്പ് 2395 അടിഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 

ഇടുക്കി ഡാം തുറന്നാൽ വെളളം ഒഴുകുന്ന പ്രദേശങ്ങൾ ജില്ലാ കലക്ടർ കെ. ജീവൻ ബാബുവും സംഘവും സന്ദർശിക്കുന്നു 


ഇടുക്കി- ഇടുക്കി  അണക്കെട്ടിലെ ജലനിരപ്പ് 2395 അടി ആയതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് ജലനിരപ്പ് രണ്ടാം ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ടിലേക്ക് എത്തിയത്.  രാത്രി എട്ട് മണിക്ക്  2394.96 അടിയായിരുന്നു ജലനിരപ്പ്. ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്.  ഇന്നലെ രാവിലെ ഏഴിന് 2394.72 ആയിരുന്ന ജലനിരപ്പ് ക്രമേണ ഉയരുകയായിരുന്നു.  2397 അടിയിലെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇതോടെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുളള നടപടി തുടങ്ങും. ഇടുക്കി ജലനിരപ്പ് ജൂലൈയിൽ ഈ നിലയിലെത്തുന്നത് അണക്കെട്ടിന്റെ ചരിത്രത്തിൽ ആദ്യമാണ്. 
2013 സെപ്റ്റംബർ 22ന് 2401.7 അടി വരെ ജലനിരപ്പ്  എത്തിയിരുന്നെങ്കിലും തുറന്നു വിട്ടിരുന്നില്ല. ഇക്കുറി മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയോട് എത്തി നിൽക്കുന്നതാണ്  ആശങ്ക ഉണർത്തുന്നത്. ജലനിരപ്പ് 142 അടിയിലെത്തിയാൽ മുല്ലപ്പെരിയാറിൽ നിന്നും വെളളം പെരിയാർ വഴി ഇടുക്കി ഡാമിലെത്തും. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കിക്കൊണ്ടുളള സുപ്രീം കോടതി വിധിക്ക് മുമ്പായിരുന്നെങ്കിൽ 136 അടിയിൽ തന്നെ വെളളം ഇടുക്കിയിലേക്ക് ഒഴുകിയേനെ. 
പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിൽ ശേഷിയുടെ പരമാവധി വൈദ്യുതി ഉത്പാദനമാണ് ഇന്നലെ ഉണ്ടായത്. 15.015 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള 5 ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോൾ പരമാവധി ഉത്പാദിപ്പിക്കാൻ കഴിയുന്നത് 15.6 ദശലക്ഷം യൂണിറ്റാണ്. സമീപകാല ചരിത്രത്തിലെ ഉയർന്ന ഉത്പാദനമാണ് ഇന്നലെത്തേത്. അണക്കെട്ടിലേക്ക് 35.19 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 1.82 സെ.മീ. മഴയാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. പകൽ മഴ ശക്തിപ്പെടുകയും ചെയ്തു. 
ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘത്തെ ആലുവയിൽ വിന്യസിച്ചു. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയ്യാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയ്യാറായിട്ടുണ്ട്.
ഡാമിലെ വെള്ളം തുറന്നുവിടേണ്ടിവരുന്ന ഘട്ടത്തിൽ  നാലുപഞ്ചായത്തുകളിലായി  വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ 200 കെട്ടിടങ്ങളെയാണ് ബാധിക്കുകയെന്ന് ജില്ലാ കലക്ടർ ജീവൻ ബാബു കെ. വ്യക്തമാക്കി.  വെള്ളം തുറന്നു  വിടുന്ന ഘട്ടത്തിൽ പുഴയുടെ തീരത്തിനടുത്തുള്ള 40 വീടുകളെയാണ് പെട്ടെന്ന് ബാധിക്കുക. ഈ വീടുകൾ ഉൾപ്പെടെ ഡാം തുറക്കുകയാണെങ്കിൽ ബാധിക്കുന്ന സ്ഥലത്തെ സ്ഥാപനങ്ങളിലും വീടുകളിലും  ഉദ്യോഗസ്ഥരെത്തി ബോധവത്ക്കരണ നോട്ടീസുകളും നിർദേശങ്ങളും നൽകി. നിലവിൽ  ആശങ്കപ്പെടേണ്ട സാഹചര്യമില്ല.  ഡാം ട്രയൽ റൺ നടത്തുന്ന ദിവസവും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു തീരുമാനം ഉണ്ടാകുന്ന ഘട്ടത്തിൽ ജനങ്ങളെ മുൻകൂട്ടി അറിയിച്ച് മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും പന്ത്രണ്ട് മണിക്കൂർ മുമ്പ് അറിയിപ്പ് നൽകുമെന്നും കലക്ടർ പറഞ്ഞു. ഇടുക്കിയിലും എറണാകുളം ജില്ലയിലും ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
ഓറഞ്ച് അലർട്ട് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള സ്റ്റാന്റേർഡ് ഓപ്പറേഷൻ പ്രാക്ടീസാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത് ഒരറിയിപ്പ് മാത്രമാണെന്നും അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കലക്ടർ പറഞ്ഞു. ആ സമയത്ത് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട ആവശ്യമില്ല.  മാറ്റിപാർപ്പിക്കേണ്ട ഘട്ടത്തിൽ മുൻകൂട്ടി അറിയിപ്പ് നൽകി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകൾ മാത്രമേ  തുറക്കേണ്ടതുള്ളൂ എന്നാണ് വിലയിരുത്തൽ. വാഴത്തോപ്പ് പഞ്ചായത്തിൽ 22 കുടുംബങ്ങളെയാണ് ബാധിക്കുക. നാലു പഞ്ചായത്തുകളിലായി 40 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടിവരിക. 

Latest News