കോഴിക്കോട് - മുജാഹിദുകൾ മുസ്‌ലിംകൾ അല്ലെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയും സുന്നികൾ മുശ്‌രിക്കുകളാണെന്നുള്ള (ബഹുദൈവാരാധകർ) മുജാഹിദ് വിഭാഗത്തിന്റെ നിലപാടും ഒരുപോലെ ഗൗരവതരമാണെന്നും ഇരുവിഭാഗവും നിലപാടുകളിൽ മാറ്റം വരുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും വർക്കിങ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവും പ്രസ്താവനയിൽ അറിയിച്ചു.
തിരുനബി(സ)യെ അങ്ങേയറ്റം നികൃഷ്ടമായി ചിത്രീകരിച്ച ചിലരെക്കുറിച്ചാണ് മുസ്‌ലിംകൾ അല്ലെന്ന് കാന്തപുരം പറഞ്ഞതെങ്കിലും മുജാഹിദ് വിഭാഗത്തെക്കുറിച്ച് സുന്നി ലോകം സ്വീകരിച്ച പൊതുനിലപാടിനെതിരേ പ്രസ്താവന ഇറക്കുമ്പോൾ അതീവ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാമിക ലോകത്ത് കഴിഞ്ഞുപോയവരും നിലവിലുള്ളവരുമായ മഹാഭൂരിപക്ഷം വരുന്ന സൂഫിവര്യന്മാരും സാദാത്തുക്കളും ഉലമാക്കളും ഉൾപ്പെടുന്ന സുന്നീ ജനകോടികൾ ബഹുദൈവ വിശ്വാസികൾ ആണെന്നും അവർ ഇസ്‌ലാമിക വൃത്തത്തിൽനിന്ന് പുറത്താണെന്നുമുള്ള മുജാഹിദ് വാദം അത്യന്തം അപകടകരവുമാണ്. മുസ്‌ലിംകളെ കാഫിറുകളും മുശ്‌രിക്കുകളുമായി ചിത്രീകരിക്കുന്ന വൻ പാതകത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരയണമെന്നും സുന്നി നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.