അൽ ഹസ- സഹസ്രാബ്ദങ്ങളുടെ ചരിത്രവും സംസ്‌കാരവും ഉറങ്ങുന്ന സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ പരമ്പരാഗത ചന്തകൾക്ക് പ്രസിദ്ധമാണ്. ഇസ്‌ലാമിന്റെ ആവിർഭാവത്തിനു മുമ്പു തന്നെ ഇവിടെ സുശക്തമായ ഭരണകൂടവും കച്ചവട കേന്ദ്രങ്ങളുമുണ്ടായിരുന്നു. പുരാതന കാലത്ത് ബഹറൈൻ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. അൽ ഹസയിലെ ഏറ്റവും വലിയ പുരാതന ചന്തയുള്ളത് ഹുഫൂഫിലാണ്. മുൻകാലങ്ങളിൽ സൗദിയിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നും ഇവിടെയെത്തി ധാരാളം പേർ ചരക്കുകളെടുക്കാറുണ്ടായിരുന്നു. ഇപ്പോഴും അതു തുടരുകയാണ്. വിവിധയിനം കാർഷികോൽപന്നങ്ങളും പഴങ്ങളും പച്ചക്കറികളും കുടിൽ വ്യവസായക്കാർ തയ്യാറാക്കുന്ന വിവിധ തരം ഉൽപന്നങ്ങളും വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. മുൻകാലങ്ങളിൽ അവധി ദിനമായിരുന്ന വ്യാഴായ്ച്ച മാത്രമായിരുന്നു ചന്ത പ്രവർത്തിച്ചിരുന്നതെന്നതിനാലാണ് ഇതിന് വ്യാഴം എന്ന അർത്ഥം വരുന്ന ഖമീസ് എന്ന് പേരു വീണത്. അവധി ദിനങ്ങൾ മാറി വന്നുവെങ്കിലും പേരിനു മാറ്റമൊന്നുമില്ല. 50 വർഷമായി ഇവിടെ കച്ചവടം നടത്തുന്ന വ്യാപാരികളിലൊരാളായ ജഅഫർ അബ്ദുല്ല മിക്ക സമയത്തും ഈ മാർക്കറ്റിലുണ്ട്. കൈത്തൊഴിലുകാരും കച്ചവടക്കാരുമൊക്കെ ഒരുമിച്ചു കൂടുന്ന സ്ഥലമായതിനാൽ മുജമ്മഅ ഖമീസ് (ഖമീസ് കോംപ്ലക്‌സ്) എന്നും ഇതിനെ വിളിക്കാറുണ്ട്. കാല പ്രവാഹത്തിനിടയിൽ നിരവധി പരിണാമങ്ങൾക്കും സ്ഥലം മാറ്റങ്ങൾക്കും ഖമീസ് മാർക്കറ്റ് സാക്ഷ്യം വഹിച്ചു. മുമ്പ് ഹുഫൂഫ് മാർക്കറ്റിന്റെ തുടർച്ചയെന്ന നിലയിൽ ഖൈസർ ചന്തയുടെ കിഴക്കു ഭാഗത്തായിരുന്നു ഖമീസ് മാർക്കറ്റുണ്ടായിരുന്നത്. മേഖലയിലെ വിവിധ നഗരങ്ങളുടെയും ഗ്രാമ പ്രദേശങ്ങളുടെയും പാമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതാണ് ഖമീസ് ചന്ത. പ്രായം ചെന്നവർ മുതൽ ചെറുപ്പക്കാർ വരെ ചന്തയുടെ ഭാഗമായി മാറിയിരിക്കുന്നത് ഇവിടെ എത്തുന്ന സന്ദർശകർക്കു കാണാവുന്നതാണ്.