തിരുവനന്തപുരം- വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്റെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി. രാജീവും അഹമ്മദ് ദേവര്‍ കോവിലും ചടങ്ങില്‍ പങ്കെടുത്തു.
വിഴിഞ്ഞത്ത് അടുത്ത മാസം 4 ന് ആദ്യ കപ്പലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീണ്ടനാളത്തെ സ്വപ്നത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമാണ് തുറമുഖമെന്ന് മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗണ്യമായ പുരോഗതി വരും. അദാനി കമ്പനി ഒരു നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നടത്തിപ്പുകാര്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയില്‍ നിന്നുള്ള കപ്പലാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. ഷാങ്ഹായി തുറമുഖത്ത് നിന്ന് തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ആദ്യ കപ്പലിന്റെ യാത്ര. ഒക്ടോബര്‍ നാലിന് വൈകിട്ട് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ സ്വീകരണമൊരുക്കും.