Sorry, you need to enable JavaScript to visit this website.

അണ്ടിയോ മാങ്ങയോ മൂത്തതെന്ന തര്‍ക്കം, മൈക്ക് പിടിവലിയിൽ കോൺഗ്രസിനെ പരിഹസിച്ച് എം.വി ജയരാജന്‍

കണ്ണൂര്‍-   കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ നടക്കുന്നത് അണ്ടിയോ മാങ്ങയോ മൂത്തതെന്ന തര്‍ക്കമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ മുമ്പില്‍ പോലും തമ്മിലടിക്കുന്ന കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും കോണ്‍ഗ്രസിനെ നാശത്തിലേക്കാണ് നയിക്കുന്നത്. അണ്ടിയോ മാങ്ങയോ ഏതാണ് മൂത്തതെന്ന തര്‍ക്കമാണ് രണ്ടുനേതാക്കളും തമ്മില്‍ നടത്തുന്നത്. ഇത്  മലയാളികളാകെ കാണേണ്ടിവന്നു. ത്രിവര്‍ണ്ണ പതാകയ്ക്ക് സമാനമാണ് ത്രിവര്‍ണ ഷാള്‍. അതിനെ അപമാനിച്ച പ്രതിപക്ഷ നേതാവ് ഗാന്ധി നിന്ദയാണ് നടത്തിയത്. ഇത്തരക്കാരെ തുറന്നുകാട്ടണം - ജയരാജന്‍ പറഞ്ഞു.
സി.പി.എമ്മിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും തകര്‍ക്കുക എന്ന ഏക അജണ്ടയാണ് ബിജെപിക്കും യുഡിഎഫിനും അവര്‍ക്ക് പ്രചോദനം നല്‍കുന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമള്‍ക്കുമുള്ളത്. വികസനക്ഷേമ പദ്ധതികളിലൂടെ കേരളം മുന്നേറുന്നത് കാണുമ്പോള്‍ ഇക്കൂട്ടര്‍ക്ക് ഹാലിളകുകയാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നേരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം കണ്ടില്ലെന്ന് നടിക്കുന്ന യുഡിഎഫ് ട്രഷറി പോലും പൂട്ടുന്ന സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് മുറവിളി കൂട്ടുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നില്ലെന്ന് മാത്രമല്ല, കേരള വിരുദ്ധ നിലപാടാണ് യു.ഡി.എഫ് എം.പി.മാര്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്നത്.  ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിനെതിരെ പറയുന്നവരെയല്ല, നാടിനുവേണ്ടി വാദിക്കുന്നവരെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. - ജയരാജന്‍ പറഞ്ഞു.

 

Latest News