തിരുവനന്തപുരം - ദേവപൂജ കഴിയുംവരെ ആരേയും തൊടില്ലെങ്കിൽ പൂജാരി എന്തിനാണ് ശ്രീകോവിലിൽനിന്ന് പുറത്തിറങ്ങിയതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. താൻ ആദ്യമായല്ല ക്ഷേത്രത്തിൽ പോകുന്നതെന്നും അയിത്തം അവകാശമാണെന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം മന്ത്രി.
ഇല്ലാതാക്കിയ ജാതിവിവേചനം തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അത് അനുവദിക്കുന്ന പ്രശ്‌നമില്ല. ആദ്യമായി അമ്പലത്തിൽ പോകുന്ന ആളല്ല ഞാൻ. നിരവധി അമ്പലങ്ങളിൽ പോയിട്ടുണ്ട്. അവിടെയൊന്നും കാണാത്ത പ്രത്യേകതയാണ് ഇവിടെ കണ്ടത്. വിളക്കു തരാനായി പൂജാരി വരുന്നത് ചിത്രത്തിലും കാണാമല്ലോ. പുറത്തുവന്ന് ജനങ്ങൾക്കിടയിൽ വച്ചാണ് കത്തിക്കുന്നത്. അപ്പോൾ അവരെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്കു പോയത്. അതു ശരിയാണോ? അവിടെവച്ച് പണം നൽകിയാൽ പൂജാരി അതു വാങ്ങി അകത്തേക്കു കൊണ്ടുപോകില്ലേ? പൈസ കൊണ്ടുപോകുമ്പോൾ അയിത്തമില്ല! മനുഷ്യന് അയിത്തം കൽപിക്കുന്ന ഏത് രീതിയോടും യോജിക്കാനാവില്ല. അയിത്തവും അനാചാരവും വേണമെന്ന് പറയുന്നവരുണ്ടാകാം. അവർക്ക് അവരുടെ അഭിപ്രായം പറയാം. എന്നാൽ എന്റെ നിലപാട് ഇതാണ്. ആനുകൂല്യങ്ങൾ ലഭിച്ചാൽ മാത്രം വിവേചനം അവസാനിക്കില്ല. രാജ്യത്ത് ദലിത് വേട്ട വർധിക്കുകയാണ്. ചോദ്യം ചെയ്തില്ലെങ്കിൽ അത് കേരളത്തിലേക്കു നീളുമെന്നും മന്ത്രി ഓർമിപ്പിച്ചു.
മന്ത്രിയായിട്ടു പോലും ക്ഷേത്രചടങ്ങിൽ ജാതി വിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വിമർശം തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു അഖില കേരള തന്ത്രി സമാജം ഇന്ന് ന്യായീകരിച്ചത്. ഇതിന് മറുപടിയായാണ് മന്ത്രി പ്രതികരിച്ചത്.