കോഴിക്കോട്- മുഹമ്മദ് നബിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ് വിശ്വാസത്തിന്റെ അടിത്തറയെന്നും പ്രവാചകൻ കൊണ്ടുവന്ന മുഴുവൻ വിഷയങ്ങളും പൂർണമായി സ്വീകരിക്കുമ്പോഴാണ് വിശ്വാസം പൂർണമാകുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ശരീരം ജീർണിച്ച് ജീവിച്ചിരിക്കുന്നവർക്ക് ശല്യമാവാതിരിക്കാനാണ് റസൂലിനെ മറവു ചെയ്തതെന്ന് വരെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുടെ പ്രസിദ്ധീകരണങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നബിയെ അപകീർത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ധാരണകൾ വെച്ചുപുലർത്തുന്നവർക്ക് എങ്ങനെയാണ് യഥാർഥ മുസ്ലിമാവാൻ സാധിക്കുക എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും ദുർവ്യാഖ്യാനം ചെയ്തും സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംകൾക്കെതിരെ ബഹു ദൈവത്വവും മത നിഷേധവും ആരോപിക്കുന്നത് സുന്നികളുടെ രീതിയല്ലെന്നും ഉത്ഭവ കാലം മുതൽ മുജാഹിദുകളുടെ ശൈലിയാണതെന്നും കാന്തപുരം പറഞ്ഞു.