Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിൽ മേഖലയിൽ പരിഷ്‌കരണം; ഇഖാമയിലെ പ്രൊഫഷനുകൾ സ്വമേധയാ മാറി

റിയാദ്- സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തൊഴിൽ മേഖലയിലെ പ്രൊഫഷനുകളിൽ പരിഷ്‌കരണം ആരംഭിച്ചതോടെ വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമയിലെ പ്രൊഫഷനുകൾ സ്വമേധയാ മാറി. കഴിഞ്ഞാഴ്ച മുതൽ താമസ രേഖയായ ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷനുകൾ സ്വമേധയാ മാറിയതായി നിരവധി പേർ മലയാളം ന്യൂസിനെ അറിയിച്ചിരുന്നു. പുതിയ പ്രൊഫഷൻ തൊഴിലുടമയുടെ അബ്ശിർ, മുഖീം പ്ലാറ്റ്‌ഫോമുകളിൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതേ തുടർന്ന് മലയാളം ന്യൂസ് സൗദി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. താങ്കളുടെ ഇഖാമയിലെ പ്രൊഫഷൻ മാറിയിട്ടുണ്ടെന്നായിരുന്നു പലർക്കും ജവാസാത്തിൽ നിന്ന് ലഭിച്ച സന്ദേശം. അതോടൊപ്പം പുതിയ പ്രൊഫഷൻ കോഡും ചേർത്തിരുന്നു. തുടർന്ന് മിക്കവരും തങ്ങളുടെ വ്യക്തിഗത അബ്ശിറിൽ ഇക്കാര്യം പരിശോധിച്ചപ്പോൾ ഇതുവരെയുണ്ടായിരുന്ന പ്രൊഫഷൻ സമാന അർഥത്തിലുള്ള മറ്റൊന്നായി മാറിയിരിക്കുന്നു. നിലവിലെ തൊഴിലിന്റെ സ്വഭാവമനുസരിച്ചുള്ളതാണ് പുതിയ പ്രൊഫഷൻ എന്നതിനാൽ തൊഴിൽ ചെയ്യുന്നതിന് തടസ്സമുണ്ടാവില്ല. ജോലി ചെയ്യുന്ന കമ്പനി അധികൃതരോ സ്‌പോൺസറോ അറിയാതെയാണ് ഈ പ്രൊഫഷൻ മാറ്റം ഉണ്ടായിരിക്കുന്നത്.
ജനറൽ എക്കൗണ്ടന്റ് എന്ന പ്രൊഫഷനാണ് മാറിയ പ്രൊഫഷനിൽ പ്രധാനപ്പെട്ടത്. ഇത് എക്കൗണ്ടന്റ് എന്നോ കോസ്റ്റ് എക്കൗണ്ടന്റ് എന്നോ ആയിട്ടുണ്ട്. ജനറൽ എക്കൗണ്ടന്റ് എന്ന പ്രൊഫഷൻ തൊഴിൽ വകുപ്പ് പൂർണമായും എടുത്തുകളഞ്ഞിരിക്കുകയാണ്. അതുപോലെ തൊഴിൽ മേഖലയിൽ സാമ്യതയുള്ള നിരവധി പ്രൊഫഷനുകൾ വെട്ടിച്ചുരുക്കി പൊതുവായ ഒരു പ്രൊഫഷനിലേക്കാണ് അത്തരം മേഖലയിൽ ജോലി ചെയ്യുന്നവരെ ചേർത്തിരിക്കുന്നത്. ഇങ്ങനെ മന്ത്രാലയത്തിന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ പ്രൊഫഷനുകളിലുള്ളവരെ സമാന പ്രൊഫഷനുകളിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നുവരുന്നത്. എന്നാൽ ഇക്കാര്യം തൊഴിലുടമകൾ അറിഞ്ഞിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെ വിദേശികളുടെ പ്രൊഫഷൻ സ്വമേധയാ മാറുന്നത്. മുഖീമിലും അബ്ശിറിലുമടക്കം എല്ലാ സർക്കാർ സംവിധാനങ്ങളിലും ഈ വിഭാഗത്തിൽ പെടുന്നവരുടെ പ്രൊഫഷനുകൾ മാറിയതിനാൽ ഇനി പുതിയ ഇഖാമക്ക് ഓർഡർ ചെയ്താൽ മതി. പ്രൊഫഷൻ മാറിയെന്ന തരത്തിൽ നേരത്തെ പലർക്കും മൊബൈലുകളിൽ സന്ദേശമെത്തിയിരുന്നുവെങ്കിലും അന്ന് പ്രൊഫഷനുകളുടെ കോഡുകളിൽ മാത്രമായിരുന്നു മാറ്റമുണ്ടായിരുന്നത്. പിന്നീട് ആമിൽ (ലേബർ) അടക്കമുള്ള ഏതാനും പ്രൊഫഷനുകൾ എടുത്തുകളഞ്ഞിരുന്നുവെങ്കിലും സ്വമേധയാ പ്രൊഫഷനുകൾ മാറിയിരുന്നില്ല. അത്തരം പ്രൊഫഷനുകൾ മാറാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമിൽ തൊഴിലുടമകൾക്ക് സൗകര്യമൊരുക്കി. അഥവാ യോജിച്ച പ്രൊഫഷനുകളിലേക്ക് അവരെ സൗജന്യമായി മാറ്റാൻ തൊഴിലുടമകൾക്ക് അവസരം നൽകിയിരുന്നു.
സൗദി അറേബ്യയിലെ തൊഴിൽ മേഖലയിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നിലവിലെ പ്രൊഫഷൻ മാറ്റമെന്ന് അധികൃതർ മലയാളം ന്യൂസിനെ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നടപ്പാക്കിയ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്കുപേഷൻസിന് ചുവടുപിടിച്ചാണ് സൗദി തൊഴിൽ വകുപ്പ് സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്കുപേഷൻസ് രൂപീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് എല്ലാ പ്രൊഫഷനുകളും പ്രധാന വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി തിരിച്ച് ക്രമീകരിക്കുന്ന ജോലി നടന്നുവരികയാണ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് രാജ്യത്തെ പ്രൊഫഷനുകളിൽ മാറ്റം വരുത്തണമെന്ന് നേരത്തെ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഈ തരംതിരിക്കൽ തുടങ്ങിയത്. ദേശീയ അന്തർദേശീയ തൊഴിൽ മാനദണ്ഡങ്ങളനുസരിച്ച് എല്ലാ പ്രൊഫഷനുകളുടെയും റഫറൻസ് നമ്പറും പേരും സ്വഭാവവും മാറ്റൽ ഇതിന്റെ ഭാഗമാണെന്നും ഭാവിയിലും പ്രൊഫഷൻ നവീകരണം നടക്കുമെന്നും ക്ലാസിഫിക്കേഷൻ ഓഫ് ഒക്കുപേഷൻസ് ഡയറക്ടർ അഹമദ് അബുഅബാ മലയാളം ന്യൂസിനെ അറിയിച്ചു. സർക്കാർ സ്വകാര്യമേഖലയിലെ എല്ലാ പ്രൊഫഷനുകളും ഏകീകരിക്കുന്ന നടപടികൾ പൂർത്തിയായി.  
അതിനിടെ പ്രൊഫഷൻ മാറ്റം മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സുതാര്യമായിട്ടുണ്ട്. ഏത് പ്രൊഫഷനുകളും അപേക്ഷ നൽകി നിമിഷങ്ങൾക്കകം മാറ്റാൻ സാധിക്കുന്നുണ്ട്. ആയിരം റിയാലാണ് പ്രൊഫഷൻ മാറ്റത്തിനുള്ള ചാർജ്. നേരത്തെ മാറ്റാൻ സാധിക്കാതിരുന്ന പ്രൊഫഷനുകളടക്കം മിക്കവയും ഇപ്പോൾ മാറ്റാൻ സാധിക്കുന്നതിനാൽ വിദേശികൾക്കും സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ഏറെ ആശ്വാസമായിരിക്കുകയാണ്. നേരത്തെ പ്രൊഫഷനുകൾ മാറ്റാൻ സാധിക്കാത്തതിനാൽ പലർക്കും ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോയി പുതിയ പ്രൊഫഷനിൽ വരേണ്ടിവന്നു.
 

Latest News