തിരുവനന്തപുരം - പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 7262 നമ്പറില്‍ ഒരു കൊടും കുറ്റവാളിയുണ്ട്. അയാള്‍ ഒറ്റക്കൊരു സെല്ലിലാണ്. വല്ലപ്പോഴും മാത്രമേ അയാളെ ഇരുമ്പഴിക്കുള്ളില്‍ നിന്ന് പുറത്തിറക്കാറുള്ളൂ. അയാളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ സാത്താന്റെ സേവകനാണ്. സ്വന്തം അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ബന്ധുവിന്റെയും ശരീരത്തില്‍ നിന്ന് അവരുടെ ആത്മാവിനെ മോചിപ്പിച്ചെന്നാണ് അന്ധവിശ്വാസത്തിന്റെ അയാളുടെ അവകാശവാദം. പക്ഷേ ലോകത്തിന് അയാള്‍ കൊടുംകുറ്റവാളിയാണ്. കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകക്കേസിലെ പ്രതി. ഇങ്ങനെയെല്ലാം സംഭവിക്കുമോയെന്ന് ഞെട്ടലോടെ മാത്രം കേരളത്തിലെ ജനങ്ങള്‍ ഓര്‍ക്കുന്ന, പൈശാചികതയുടെ ആള്‍ രൂപം. കേഡല്‍ വിന്‍സന്‍ രാജ. ആ പേര് കേട്ട് ആറര വര്‍ഷം മുന്‍പ് കേരളം ഞെട്ടി വിറച്ചതാണ്. ഒരിക്കലും അയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങരുതേയെന്നാണ് മലയാളി മനസ്സുകളുടെ പ്രാര്‍ത്ഥന. പക്ഷേ അയാളെ ജയിലിന് പുറത്തിറക്കേണ്ടത് ആരുടെയെല്ലാമോ ആവശ്യമാണ്. ഇരുമ്പഴിയ്ക്ക് പുറത്ത് അയാളെ ആരെല്ലാമോ കാത്തിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളിയെ അവര്‍ക്ക് വേണം.
നന്ദന്‍കോട്ടെ 117 ാം നമ്പര്‍ വീട്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും മറ്റ് മന്ത്രിമാരുടെ വസതികള്‍ക്കും ചേര്‍ന്ന് ഒരു വിളിപ്പാടകലെയുള്ള 117 ാം നമ്പര്‍ വീട്. വീടെന്ന് പറയുന്നതിനേക്കാള്‍ പഴയ കൊട്ടാര സമാനമായ ഇരുനില മന്ദിരം എന്ന് വിശേഷി്പ്പിക്കുന്നതായിരിക്കും ഉചിതം. യേശുദേവന്റെ ചിത്രം കൊത്തിയ ആ വീടിന്റെ ഉമ്മറ വാതിലിനപ്പുറത്താണ് ആറര വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2017 ഏപ്രില്‍ 9 നാണ് കേരളം ഞെട്ടിത്തരിച്ചു പോയ കൂട്ടക്കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ടത് കന്യാകുമാരിയിലെ കോളേജിലെ പ്രൊഫസറായിരുന്ന രാജാ തങ്കം, ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അറിയപ്പെടുന്ന ഡോക്ടറായിരുന്ന ഡോ.ജീന്‍ പദ്മ, ഇവരുടെ മകള്‍ കരോലിന്‍ ബന്ധുവായ ലളിത എന്ന സത്രീ. ഇവരെയെല്ലാം കൊന്ന് കത്തിച്ചതാകട്ടെ രാജാ തങ്കത്തിന്റെയും ജീന്‍ പദ്മയുടെയും മകന്‍ കേഡല്‍ ജിന്‍സന്‍ രാജയും. കൂട്ടക്കൊലപാതകങ്ങളുടെ കഥകള്‍ ഇതിന് മുന്‍പും കണ്ടിട്ടും കേട്ടിട്ടുമുള്ള മലയാളികള്‍ പക്ഷേ, ഈ കൊലപാതകത്തിന് മുന്നില്‍ വിറങ്ങലിച്ച് നിന്ന് പോയതിന് കാരണമുണ്ട്. കേരളം അന്ന് വരെ കേട്ടിട്ടില്ലാത്തതായിരുന്നു അതിന്റെ കാരണം. സാത്താനെ തൃപ്തിപ്പെടുത്താനും മനുഷ്യരുടെ ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താനും വേണ്ടിയുള്ള പരീക്ഷണമാണ് താന്‍ ഈ കൂട്ടക്കൊലപാതകങ്ങളിലൂടെ നടത്തിയതെന്നായിരുന്നു സ്വന്തം മാതാപിതാക്കളെയും സഹേദിയെയും ബന്ധുവിനെയും കൊന്നു തള്ളിയ കേഡല്‍ വിന്‍സന്‍ രാജയുടെ മൊഴി.
കൂട്ടക്കൊലപാതകത്തിന്റെ ചുരുക്കം ഇങ്ങനെ:
ഉയര്‍ന്ന വിദ്യാഭ്യാസവും വലിയ സാമ്പത്തിക ശേഷിയുമുള്ള കുടുംബം എം ബി ബി എസ് പറനത്തിനായാണ് കേഡല്‍ വിന്‍സന്‍ രാജയെ ഫിലിപ്പൈന്‍സിലേക്ക് അയച്ചത്. പഠനം പൂര്‍ത്തായാക്കാതെ തിരിച്ചെത്തിയ മകനെ വീണ്ടും ഓസ്‌ട്രേലിയയിലേക്ക് ടെക്‌നോളജി സംബന്ധിച്ച പഠനത്തിനായി അയച്ചു. അവിടെ ഇന്റര്‍നെറ്റിലെ പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നതിനൊപ്പം തന്നെ കേഡല്‍ മറ്റൊരു ലോകത്തേക്ക് പോയി. സാത്താന്‍ സേവയുടെയും അതിന്റെ ഭാഗമായി മനുഷ്യരുടെ ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍തിരിക്കുന്ന അന്ധവിശ്വാസത്തിന്റെ മൂര്‍ത്ത രൂപമായ ആസ്ട്രല്‍ പ്രൊജക്ഷനിലേക്ക്. ഇയാള്‍ തിച്ചെത്തിയപ്പോള്‍ വലിയൊരു അന്ധവിശ്വാസത്തിന്റെയും ദുര്‍ മന്ത്രവാദത്തിന്റെയും ലോകത്തേക്കാണ് മകന്‍ എത്തിപ്പെട്ടതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. പുറത്തിറങ്ങാതെ 24 മണിക്കൂറും മുറിയില്‍ കമ്പ്യൂട്ടറിന് മുന്നില്‍ കഴിഞ്ഞ കേഡല്‍ അന്ധവിശ്വാസത്തിന്റെ പുതിയ തലങ്ങള്‍ തേടുകയായിരുന്നു. ഒടുവില്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയപ്പോഴാണ് ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന അന്ധവിശ്വാസം സ്വന്തം മാതാപിതാക്കളില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അതിനായി ഓണ്‍ ലൈനില്‍ മഴു ഉള്‍പ്പടെ വാങ്ങി. മുകളിലെ തന്റെ മുറിയിലേക്ക് താന്‍ നിര്‍മ്മിച്ച ഓണ്‍ ലൈന്‍ഗെയിം കാണാനെന്ന പേരില്‍ ആദ്യം അമ്മയെ കൂട്ടിക്കൊണ്ടു പോയി. മഴുകൊണ്ട് വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. പിന്നെ അച്ഛന്‍, അതിനു പിന്നാലെ സഹോദരി, ഏറ്റവും ഒടുവില്‍ ബന്ധുവായ സ്ത്രീ. അങ്ങനെ എല്ലാവരെയും ഒരേ രീതിയില്‍ കൊലപ്പെടുത്തി. രണ്ടു ദിവസത്തിനുള്ളിലാണ് ഈ കൊലപാതകങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ അതേ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തു. മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം ഒടുവില്‍ കത്തിച്ചു. വീട്ടില്‍ നിന്ന് പുകയുയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴാണ് അതിക്രൂരമായ കൊലപാതകം ലോകമറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ പിന്‍വാതില്‍ വഴി കേഡല്‍ രക്ഷപ്പെട്ടിരുന്നു.
രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍
ചെന്നൈയിലേക്ക് മുങ്ങിയ കേഡല്‍ രണ്ടു ദിവസം കഴിഞ്ഞ് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ തിരിച്ചെത്തിയപ്പോഴാണ് പിടിയിലാകുന്നത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ശരീരത്തില്‍ നിന്ന് താന്‍ അവരുടെ ആത്മാവിനെ മോചിപ്പിക്കുകയാണ് ചെയ്തതെന്നും, ആത്മാക്കളുമായി സംസാരിക്കാനാണ് താന്‍ ചെന്നൈയില്‍ നിന്നും വീട്ടിലേക്ക് വന്നതെന്നും, വരുന്ന വഴിയാണ് പിടിയിലായതെന്നും കേഡല്‍ പോലീസില്‍ മൊഴി നല്‍കി. ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് പോലീസിനോട് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്ന് മൊഴി മാറ്റി നല്‍കി. കടുത്ത മാനസിക പ്രശ്‌നങ്ങള്‍ കേഡലിനുണ്ടെന്ന് അന്ന് പോലീസ് വിശ്വസിക്കുകയും ഇക്കാര്യങ്ങള്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു.
ദൂരൂഹമായ ഇടപെടല്‍
കഴിഞ്ഞ ആറര വര്‍ഷമായി ജയിലില്‍ ഏകാന്തവാസം അനുഭവിക്കുന്ന കേഡലിനെ കാണാന്‍ സന്ദര്‍ശകനായി ഒരാള്‍ മാത്രമാണ് ഇക്കാലമത്രയും വന്നത്. അത് മാതാവിന്റെ സഹോദരനാണ്. ഇപ്പോള്‍ അദ്ദേഹവും വരാറില്ല. ക്രൂരനായ ഈ കൊലയാളിയെ മറ്റ് കുടുംബാംഗങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടു. എങ്കില്‍ പോലും കേഡലിന് വേണ്ടി വാദിക്കാനും അയാളെ പുറത്തിറക്കാനും ആളുകളുണ്ട്. വളരെ ആസൂത്രിതമായി കൊല നടത്തുകയും ജയിലിനുള്ളില്‍ പോലും കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന കേഡല്‍ മനോരോഗം അഭിനയിക്കുകയാണെന്ന തോന്നല്‍ ഇപ്പോള്‍ പോലീസിനുണ്ട്. ആരുടെയെല്ലാമോ നിര്‍ദ്ദേശ പ്രകാരം കൃത്യമായ അഭിനയം നടത്തുകയാണെന്ന സംശയം പ്രോസിക്യൂഷനും ഉണ്ട്. കാരണം, സഹായിക്കാന്‍ പ്രത്യക്ഷത്തില്‍ ആരുമില്ലാതിരുന്നിട്ടും വളരെ കൃത്യമായി തന്നെ കേഡലിന് വേണ്ടിയുള്ള ജാമ്യാപേക്ഷകള്‍ അടക്കമുള്ള കാര്യങ്ങളെല്ലാം കോടതികളില്‍ എത്തുന്നു. ഇതിനായി പണം ചെലവഴിക്കപ്പെടുന്നു. കേസുകള്‍ നടത്താന്‍ അഭിഭാഷകരുടെ ഒരു സംഘമുണ്ട്. മനോരോഗത്തിന്റെ പിന്‍ബലത്തില്‍ ഏത് വിധേനയും ഇയാളെ ജയിലില്‍ നിന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നു. ഇതോടെ ചില ബാഹ്യശക്തികള്‍ ഇതിന് പിന്നിലുണ്ടെന്ന സംശയം വര്‍ധിക്കുകയാണ്.
കോടികളുടെ സമ്പത്ത്
കേഡലിന്റെ മാതാപിതാക്കളുടെ പേരില്‍ കോടികളുടെ സമ്പത്തുണ്ട്. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തെ ഒന്നിലധികം ഇടങ്ങളിലും ഏക്കര്‍ കണക്കിന് എസ്‌റ്റേറ്റും വലിയ തോതില്‍ മറ്റ് ഭൂമിയും കെട്ടിടങ്ങളുമുണ്ട്. മാതാപിതാക്കളും സഹോദരിയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ ഏക അനന്തരാവകാശി ഇനി കേഡല്‍ മാത്രമാണ്. കേഡലിന്റെ പേരിലുള്ള കോടികളുടെ സമ്പത്ത് തട്ടിയെടുക്കാനായി ഇയാള്‍ പുറത്തിറങ്ങേണ്ടത് ചിലരുടെയങ്കിലും ആവശ്യമാണ്. അതിനനുസരിച്ചുള്ള കൃത്യമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് വേണം കരുതാന്‍. റിയല്‍ എസ്റ്റേറ്റ് മാഫിയയെയും മറ്റും സംശയിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് കണ്ടെടുത്ത ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കോടതിയില്‍ നിന്ന് തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതും മറ്റും സംശയം വര്‍ധിപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം നടന്നത്
കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. വിചാരണ നേരിടാനുള്ള മാനസികാവസ്ഥ കേഡലിനില്ലെന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ശുപാര്‍ശ നല്‍കിയതിന്റെ പേരിലാണ് ആറ് വര്‍ഷമായിട്ടും വിചാരണ ആരംഭിക്കാത്തത്. ഇടയ്ക്കിടെ കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ കൊലപാതകം നടക്കുമ്പോള്‍ താന്‍ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും അതിനാല്‍ തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം കോടതിയില്‍ കേഡലിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. ഇക്കാര്യം ഒരു ഡോക്ടര്‍ കോടതിയില്‍ മൊഴിയായി നല്‍കുകയും ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ അതിനുള്ള തെളിവുകളൊന്നും തന്നെ നല്‍കാന്‍ പ്രതിഭാഗം തയ്യാറായതുമില്ല. പ്രതിയ്ക്ക് സംഭവസമയത്ത് മാനസിക പ്രശ്‌നമുണ്ടെന്ന് തെളിയിക്കാന്‍ പ്രതിയുടെ മൊഴി മാത്രം പോരെന്ന് പറഞ്ഞ് കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. മാത്രമല്ല കോടതിയ്ക്ക് പല സംശയങ്ങളും ഉയര്‍ന്നതിനാല്‍ തന്നെ സംഭവസമയത്ത് പ്രതിയ്ക്ക് മാനസിക പ്രശ്‌നമുണ്ടോയിരുന്നോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.
ആരെല്ലാമോ പുറത്ത് കാത്തിരിക്കുന്നുണ്ട്
കേഡല്‍ ജിന്‍സന്‍ രാജ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ആരെല്ലാമോ കാത്തിരിക്കുന്നുണ്ട്. ഇയാളുടെ പേരിലേക്ക് വന്നേയ്ക്കാവുന്ന കോടികളുടെ സ്വത്തുക്കള്‍ തന്നെയാണ് അതിന്റെ കാരണവും. അതുകൊണ്ട് തന്നെ കേഡല്‍ എന്ന കൊടുംകുറ്റവാളിയെ പുറത്തിറക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേഡല്‍ പുറം ലോകം കാണുമോയെന്ന ആകാംക്ഷയാണ് ഇപ്പോഴുള്ളത്.