കൊച്ചി- കേരളം കാത്തിരിക്കുന്ന 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പുചേര്‍ന്ന് ആളുകള്‍ ടിക്കറ്റെടുത്തതോടെ വില്‍പന വന്‍ ഹിറ്റായി.ബംപര്‍ ടിക്കറ്റ് വില കൂടിയതും കഴിഞ്ഞ മണ്‍സൂണ്‍ ബമ്പര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന് അടിച്ചതും പങ്കുചേര്‍ന്ന് ടിക്കറ്റ് എടുക്കുന്ന രീതി വ്യാപകമാക്കി. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ ലോട്ടറിയടിച്ചാല്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടിലേക്ക് പണം നല്‍കും. അല്ലെങ്കില്‍ സമ്മാനത്തുക വീതംവയ്ക്കുന്നത് ലോട്ടറിവകുപ്പിനെ ഏല്‍പ്പിക്കാം. എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാല്‍ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കും. 2019ലെ 12കോടിയുടെ തിരുവോണം ബംപര്‍ അടിച്ചതും പങ്കു ടിക്കറ്റുകാര്‍ക്കാണ്.
ഇക്കുറി ഇന്നലെ വരെ 74ലക്ഷം ടിക്കറ്റ് വിറ്റു. ഇന്ന് ഉച്ചയോടെ 76ലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ. 85ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. ഡിമാന്‍ഡ് കൂടിയതിനാല്‍ ഇന്ന് രാവിലെ 10 മണിവരെ ലോട്ടറി ഓഫീസില്‍ നിന്ന് ഏജന്റുമാര്‍ക്ക് ടിക്കറ്റ് വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നറുക്കെടുപ്പിന്റെ തലേന്ന് ടിക്കറ്റ് വിതരണം നിറുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 67.5ലക്ഷം ടിക്കറ്റാണ് വിറ്റത്.25 കോടി അടിച്ചാലും കൈയില്‍ കിട്ടുക 12 കോടി 88 ലക്ഷത്തി 26,000 രൂപയാണ്. 9.61,74 കോടി രൂപ വിവിധ നികുതികളും 2.5 കോടി ഏജന്‍സി കമ്മീഷനുമുണ്ട്. ഏജന്റിന്റെ കമ്മീഷന്‍ കഴിഞ്ഞ് 22.5 കോടിയില്‍ 30% ആദായ നികുതി - 6.75 കോടി. ബാക്കി 12.75 കോടി അക്കൗണ്ടിലെത്തും.