Sorry, you need to enable JavaScript to visit this website.

യു.എ.ഇ-കേരളം കപ്പല്‍ സര്‍വീസ് ഡിസംബറില്‍, കുറഞ്ഞ നിരക്ക് 442 ദിര്‍ഹം, 200 കിലോ ലഗേജ് കൊണ്ടുപോകാം

അബുദാബി- യു.എ.ഇക്കും കേരളത്തിനുമിടയില്‍ ഒരു പാസഞ്ചര്‍ കപ്പല്‍ സര്‍വീസ് ഉടന്‍ യാഥാര്‍ഥ്യമാകും. ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാ രീതി വാഗ്ദാനം ചെയ്താണ് കപ്പല്‍ സര്‍വീസ്. ടിക്കറ്റ് നിരക്ക് ഏകദേശം 442 ദിര്‍ഹം ആയിരിക്കും. മൂന്ന് ദിവസത്തെ യാത്ര കൊണ്ട് പ്രവാസികള്‍ക്ക് കേരളത്തിലെത്താന്‍ ഈ സേവനം സഹായിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് വൈ.എ റഹീം പറഞ്ഞു.

ഡിസംബറില്‍ സ്‌കൂള്‍ അവധിക്ക് മുമ്പ് സേവനം ലഭ്യമാക്കുക എന്നതാണ് ആശയമെന്ന് റഹീം പറഞ്ഞു. യു.എ.ഇയിലെ  പ്രവാസികള്‍ക്ക് അമിതമായ എയര്‍ലൈന്‍ നിരക്കുകള്‍ നല്‍കാതെ ജന്മനാട്ടിലേക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയാണ്. 'പ്രതിനിധി സംഘം സെപ്റ്റംബര്‍ 24ന് യോഗം ചേരും. പദ്ധതിയോട് എതിര്‍പ്പുണ്ടാകാന്‍ കാരണം കാണുന്നില്ല. അനുമതി ലഭിച്ചാല്‍ നവംബറോടെ സര്‍വീസ് ട്രയല്‍ റണ്‍ ആരംഭിക്കാനാകും- ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് വൈ.എ റഹീം

പദ്ധതിയെക്കുറിച്ച് അടുത്തയാഴ്ച കേരള സര്‍ക്കാരിന്റെ പ്രതിനിധികളും കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയാണ്,' റഹീം പറഞ്ഞു. 'പ്രതിനിധി സംഘം സെപ്റ്റംബര്‍ 24ന് യോഗം ചേരും. പദ്ധതിയോട് എതിര്‍പ്പുണ്ടാകാന്‍ കാരണം കാണുന്നില്ല. അനുമതി ലഭിച്ചാല്‍ നവംബറോടെ സര്‍വീസ് ട്രയല്‍ റണ്‍ ആരംഭിക്കാനാകും.

ഇതാദ്യമായല്ല മലയാളികള്‍ പാസഞ്ചര്‍ ഷിപ്പ് സര്‍വീസ് ആവശ്യപ്പെടുന്നത്. വിവിധ കാരണങ്ങളാല്‍ മുന്‍കാല ശ്രമങ്ങള്‍ വിജയിച്ചില്ല.

ടിക്കറ്റ് നിരക്കുകള്‍ എന്തായിരിക്കും?

യാത്രാ കപ്പല്‍ സര്‍വീസിലെ ടിക്കറ്റ് നിരക്കുകള്‍ യാത്രാ സമയം അനുസരിച്ച് 442 ദിര്‍ഹത്തിനും (10,000 രൂപ) 663 ദിര്‍ഹത്തിനും (15,000 രൂപ) ഇടയിലായിരിക്കും.

പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണ്?

യു.എ.ഇക്കും ഇന്ത്യക്കുമിടയിലെ യാത്ര പൂര്‍ത്തിയാക്കാന്‍ പാസഞ്ചര്‍ കപ്പല്‍ മൂന്ന് ദിവസമെടുക്കും. ഒരേസമയം 1,250 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഈ യാത്രയില്‍ യാത്രക്കാര്‍ക്ക് 200 കിലോഗ്രാം വരെ ലഗേജ് എടുക്കാം. യാത്രക്കാര്‍ക്കായി  വൈവിധ്യമാര്‍ന്ന ഭക്ഷണ വസ്തുക്കളും വിനോദവും ഉണ്ടാകും.

എവിടേക്കാണ് കപ്പല്‍?

കൊച്ചി, ബേപ്പൂര്‍ എന്നീ രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് കപ്പല്‍ ഇപ്പോള്‍ യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചി ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരമായ കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന ബേപ്പൂരില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. റഹീം പറയുന്നതനുസരിച്ച് വിഴിഞ്ഞത്തേക്കും സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലായ വിഴിഞ്ഞം തുറമുഖം 2024 ഡിസംബറില്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമാകും.

ആരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്?

കേരള സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെ നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സ് (നോര്‍ക്ക) വകുപ്പിന്റെയും പിന്തുണയോടെ അനന്തപുരി ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

പദ്ധതി യാഥാര്‍ഥ്യമാകാന്‍ എത്രത്തോളം സാധ്യതയുണ്ട്?

ഈ വര്‍ഷം മെയില്‍, കേരള തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അവധിക്കാലത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളെ എയര്‍ലൈന്‍ കമ്പനികള്‍ മുതലെടുക്കുന്നുവെന്ന് ആരോപിച്ചു. കേരളാ മാരിടൈം ബോര്‍ഡും (കെഎംബി) മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും (എംഡിസി) സംയുക്തമായി കേരള തലസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത്, പല മലയാളികള്‍ക്കും തങ്ങള്‍ അധ്വാനിച്ച പണത്തിന്റെ വലിയൊരു തുക യാത്രക്കായി നീക്കിവെക്കേണ്ടി വരുന്നതായി അദ്ദേഹം പറഞ്ഞു. കപ്പല്‍ സര്‍വീസിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണ നല്‍കുമ്പോള്‍, യാത്രാ കപ്പല്‍ യാഥാര്‍ഥ്യമാകുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് റഹീം പറയുന്നു.

 

 

Latest News