എജ്ബാസ്റ്റൺ - കളിയും കാലാവസ്ഥയും തമ്മിലുള്ള ഒളിച്ചുകളിയാണ് ഇംഗ്ലണ്ടിലെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര. പന്ത് നന്നായി ചലിക്കുന്ന ഈർപ്പമുള്ള കാലാവസ്ഥ ബാറ്റ്‌സ്മാന്മാർക്ക് അക്ഷരാർഥത്തിൽ വെല്ലുവിളിയാണ്. നല്ല കാറ്റുണ്ടെങ്കിൽ പന്ത് വായുവിലും, പിച്ച് ചെയ്ത ശേഷവും സ്വിംഗ് ചെയ്യും. പലപ്പോഴും ബാറ്റ്‌സ്മാന്മാരുടെ താളം തെറ്റിച്ച് മഴ വിരുന്നെത്തും. നല്ല വെയിലുദിച്ചാൽ ബാറ്റിംഗ് എളുപ്പമാവും. ക്രമേണ സ്പിന്നർമാർക്ക് സഹായകമാവും. ഇത്തവണ ചൂട് കാറ്റ് വീശുന്നത് സാഹചര്യങ്ങൾ കൂടുതൽ വെല്ലുവിളിയുള്ളതാക്കുന്നു. ഒറ്റനോട്ടത്തിൽ തുല്യശക്തികളുടെ പോരാട്ടമാണ് നാളെയാരംഭിക്കുന്ന അഞ്ചു മത്സര പരമ്പര. എന്നാൽ പരിചിത സാഹചര്യങ്ങൾ ഇംഗ്ലണ്ടിന് നേരിയ മുൻതൂക്കം നൽകുന്നു.
ഇന്ത്യൻ ടീമിനെ പരിക്ക് അലട്ടുകയാണ്. എത്ര സ്പിന്നർമാർ ടീമിൽ വേണം, അത് ആരൊക്കെയാവണം എന്നതും ടീമിന് ആശയക്കുഴപ്പം സമ്മാനിക്കുന്നു. ചൂടുകാറ്റിൽ പിച്ച് വരണ്ടുണങ്ങുകയാണെങ്കിൽ അത് സ്പിൻ ബൗളിംഗിനെ സഹായിക്കും. അലസ്റ്റർ കുക്കിനൊപ്പം ആര് ഇന്നിംഗ്‌സ് ഓപൺ ചെയ്യുമെന്നതാണ് ഇംഗ്ലണ്ട് നേരിടുന്ന പ്രധാന ചോദ്യം. കീറ്റൻ ജെന്നിംഗ്‌സിന് ഒരവസരം കൂടി ലഭിക്കുമെന്നാണ് കരുതുന്നത്.
ദീർഘമായ പരമ്പരയാണ് ഇത്. മത്സരങ്ങൾക്കിടയിൽ ചെറിയ ഇടവേളകളേയുള്ളൂ. അതിനാൽ തന്നെ ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യതയേറെയാണ്. എന്നാൽ ഇന്ത്യ തുടങ്ങുന്നത് തന്നെ ഭുവനേശ്വർകുമാറും ജസ്പ്രീത് ബുംറയുമില്ലാതെയാണ്. ആദ്യ മൂന്നു ടെസ്റ്റിലും ഇരുവരും ലഭ്യമായിരിക്കില്ല. മുഹമ്മദ് ഷാമി കഴിവുള്ള ബൗളറാണെങ്കിലും സ്ഥിരത പുലർത്താറില്ല. സ്പിൻ ബൗളിംഗിൽ ആർ. അശ്വിനും രവീന്ദ്ര ജദേജയും ഇന്ത്യയുടെ വിജയശിൽപികളാണ്. കുൽദീപ് യാദവ് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വെള്ളം കുടിപ്പിച്ചെങ്കിലും ടെസ്റ്റിൽ അതാവർത്തിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.
സ്ലിപ് ക്യാച്ചിംഗാണ് ഇന്ത്യയുടെ മറ്റൊരു പ്രശ്‌നം. രാഹുൽ ദ്രാവിഡ് വിരമിച്ച ശേഷം നല്ലൊരു സ്ലിപ് ഫീൽഡറെ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ടെസ്റ്റ് നിലവാരത്തിലുള്ള ഇന്ത്യയുടെ ഒരേയൊരു വിക്കറ്റ്കീപ്പറാണ് വൃദ്ധിമാൻ സാഹ. എന്നാൽ സാഹക്ക് പരിക്കാണ്. ദിനേശ് കാർത്തികിന് സ്‌കോർ ചെയ്യാനാവുമെങ്കിലും കീപ്പിംഗിൽ അത്ര സുരക്ഷിതമല്ല.
വിരാട് കോഹ്‌ലിക്കു ചുറ്റുമാണ് ഇന്ത്യൻ ബാറ്റിംഗ് കറങ്ങുന്നത്. അജിൻക്യ രഹാനെയും ചേതേശ്വർ പൂജാരയും ശിഖർ ധവാനും ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമാണ് ഇന്ത്യ. അത് കളിക്കളത്തിൽ തെളിയിക്കേണ്ട ദൗത്യമാണ് വരും ദിനങ്ങളിൽ.
ഇംഗ്ലണ്ടിന്റെ ആയിരാമത്തെ ടെസ്റ്റാണ് ഇത്. ഇന്ത്യയുമായി അവർ 117 മത്സരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് 43 ടെസ്റ്റ് ജയിച്ചു, ഇന്ത്യ 25 മത്സരം ജയിച്ചു. 49 കളികൾ സമനിലയായി. ഇംഗ്ലണ്ടിൽ 57 ടെസ്റ്റുകൾ ഇരു ടീമുകളും കളിച്ചു. അതിൽ 30 ഇംഗ്ലണ്ട് ജയിച്ചു. ഇന്ത്യക്ക് ആറ് ടെസ്റ്റുകൾ ജയിക്കാനേ സാധിച്ചിട്ടുള്ളൂ.