അടിമാലി (ഇടുക്കി) - എസ്.എസ്.എൽ.സിക്കു പഠിക്കുന്ന പെൺകുട്ടിയും ബന്ധുവായ 34-കാരനും തമ്മിലുള്ള പ്രണയത്തിന് കുടുംബം എതിര് നിന്നതോടെ ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവൽ മുറിയറയിലാണ് സംഭവം.
ഇരുവരും തമ്മിലുള്ള പ്രണയബന്ധം അറിഞ്ഞതോടെ പിന്മാറ്റാൻ കുടുംബത്തിൽ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വിഷം കഴിച്ചത്. മുനിയറ പന്നിയാർ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇരുവരും വിഷം കഴിക്കുകയായിരുന്നു. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഇരുവരും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.