എജ്ബാസ്റ്റൺ - ഇത്ര വൈവിധ്യപൂർണവും ആഴവും പരപ്പുമുള്ളതുമായ ഇന്ത്യൻ ബൗളിംഗ് താൻ മുമ്പ് കണ്ടിട്ടില്ലെന്ന് ഇംഗ്ലണ്ട് ഓപണർ അലസ്റ്റർ കുക്ക്. ഇന്ത്യൻ ബൗളർമാർ ക്ഷമ കാണിച്ചാൽ അവർക്ക് ഈ പരമ്പരയുടെ ഗതി നിർണയിക്കാനാവുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും അഭിപ്രായപ്പെട്ടു. എജ്ബാസ്റ്റണിൽ 2011 ൽ ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ഏറ്റുമുട്ടിയപ്പോൾ കുക്ക് ഇരട്ട സെഞ്ചുറിയടിച്ചിരുന്നു.
ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാർദുൽ താക്കൂർ, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം 140 കി.മീ വേഗത്തിൽ പന്തെറിയാൻ കെൽപുള്ളവരാണ്. ഷാമിക്കും ഉമേഷിനും ആ വേഗത്തിൽ പന്ത് സ്വിംഗ് ചെയ്യിക്കാനും സാധിക്കും. അഞ്ചോ ആറോ പെയ്‌സ്ബൗളർമാരെ മാറിമാറി ഉപയോഗിക്കാൻ ഇന്ത്യക്ക് അവസരം കിട്ടുന്നത് ആദ്യമായാണ് താൻ കാണുന്നതെന്ന് കുക്ക് വിലയിരുത്തി.
ഷാമിക്കും ഇശാന്തിനും ഇംഗ്ലണ്ടിൽ പന്തെറിഞ്ഞ് പരിചയമുള്ളതും ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പെയ്‌സ്ബൗളർമാർ വിജയം കണ്ടതും ശുഭസൂചനയാണെന്ന് രഹാനെ അഭിപ്രായപ്പെട്ടു.
എസക്‌സിനെതിരായ സന്നാഹ മത്സരം ഒരു ദിവസം ചുരുക്കി എജ്ബാസ്റ്റണിൽ ഇന്ത്യ നേരത്തെ എത്തിയത് ടെസ്റ്റ് വേദിയിൽ പരിശീലനം നടത്താനായിരുന്നു. എന്നാൽ മഴ കാരണം ഞായറാഴ്ച പരിശീലനം മുടങ്ങി.