കാസർകോട്- മാസങ്ങളായി നഗരപരിധിയിൽ പുലിക്കുന്ന്, കൊറക്കോട്, ഫോർട്ട് റോഡ് ഭാഗങ്ങളിൽ ദേശീയ പാത വികസനത്തിന്റെ പേരിൽ നിരന്തരമായി ദിവസങ്ങളോളം കുടിവെള്ളം മുട്ടിച്ചുള്ള ജല അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തോളമായി എല്ലാ മാസവും മുന്നറിയിപ്പില്ലാതെ ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുള്ള ജല അതോറിറ്റിയുടെ നിലപാടാണ് ഗുണഭോക്താക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്. നഗരപരിധിയിൽ മാത്രമല്ല ചെങ്കള പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ളം കിട്ടാക്കനിയാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി നഗരവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നഗരത്തിൽ വെള്ളം മുടങ്ങുമ്പോഴെല്ലാം വിദ്യാനഗർ ജല അതോറിറ്റിയുടെ ഓഫീസ് ഫോണും പണിമുടക്കുന്നതും പതിവാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ഒന്ന്, രണ്ട് ദിവസമായി ജലവിതരണം ആരംഭിക്കുമെന്ന ജല അതോറിറ്റിയുടെ ഉറപ്പുകളും പാലിക്കപ്പെടാതായതോടെ ഇരുപത്തി ഒന്നാം വാർഡ് കൗൺസിലർ സക്കീന മൊയ്തീൻ അധികൃതരുമായി ബന്ധപ്പെട്ട് ഇനിയും കുടിവെള്ള വിതരണം നീണ്ടു പോയാൽ ജല അതോറിറ്റി ഓഫീസിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ രാത്രിയോടെ ജലവിതരണം ആരംഭിക്കുമെന്ന ഉറപ്പ് അധികൃതർ നൽകുകയും രാത്രിയോടെ ജല വിതരണം ആരംഭിച്ചുവെങ്കിലും മണ്ണ് കലർന്ന ചെളി വെള്ളമാണ് ടാങ്കുകളിൽ നിറഞ്ഞത്.
നഗരപ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളും കുടിക്കാനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ജല അതോറിറ്റിയുടെ വെള്ളമാണ്. ഇനിയും പ്രശ്നങ്ങൾ തുടരുകയാണെങ്കിൽ കൗൺസിലറുടെ നേതൃത്വത്തിൽ സമര രംഗത്തിറങ്ങാനും നിയമ നടപടികൾ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.