നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തികൊണ്ടുപോകുവാന്‍ ശ്രമിച്ച 2320 ഗ്രം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. വിപണിയില്‍ ഇതിന് 106 ലക്ഷം രൂപ വിലയുണ്ട്. രണ്ട് യാത്രക്കാരില്‍ നിന്നായാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാര്‍ സ്വര്‍ണം കണ്ടെടുത്തത് .
ദുബായില്‍ നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി മുഹമ്മദില്‍ നിന്നാണ് 58 ലക്ഷം രൂപ വിലയുള്ള 1228 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണം ധരിച്ചിരുന്ന ജീന്‍സിന്റെ അരക്കെട്ട് ഭാഗത്ത് പ്രത്യേകം ഉണ്ടാക്കിയ രണ്ട് പാളികളിലായിട്ടാണ് ഒളിപ്പിച്ചിരുന്നത്. ക്വാലാംലംപൂരില്‍ നിന്നു
ആകാശ് എയര്‍ വിമാനത്തില്‍ വന്ന യാത്രക്കാരനില്‍നിന്നാണ് 48 ലക്ഷം രൂപ വിലയുള്ള 1092 ഗ്രാം സ്വര്‍ണ്ണം പിടിച്ചത് . മലപ്പുറം സ്വദേശിയായ സാദിഖ് ആണ് പിടിക്കപ്പെട്ടത്. സ്വര്‍ണ മിശ്രിതം നാല് കാപ്‌സൂളുകളാക്കിയാണ് കൊണ്ടുവന്നത് . ഇയാള്‍ ഇത് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സ്വര്‍ണ്ണം കണ്ടുകെട്ടി രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു