വടകര- വിധി സമ്മാനിച്ച വൈകല്യത്തെ കൂസാതെ ജീവിക്കാൻ പൊരുതുകയാണ് രാജേഷ്. ഇരിക്കാനും നടക്കാനും പ്രയാസപ്പെടുമ്പോഴും പൊരുതുകയാണ് രാജേഷ്. അരൂർ കല്ലുമ്പുറത്തെ ഞള്ളേരി കുനിയിൽ അച്ചുതൻ-ജാനകി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമനാണ് രാജേഷ്.
ജനിച്ച് ആറ് മാസമായപ്പോൾ വന്ന കഠിനമായ പനിയാണ് രാജേഷിനെ തളർത്തിയത്. ശരീരത്തിന്റെ ഇടത് ഭാഗം തളരുകയായിരുന്നു. തുടർന്ന് ഇടത് കൈകാലുകളും ശക്തിയില്ലാതായി. മുഖത്തിനും തളർച്ച ബാധിച്ചു. പത്താം തരം വരെ പഠിച്ചെങ്കിലും വൈകല്യത്തെ തുടർന്ന് പഠനം നിർത്തേണ്ടി വന്നു. ഇപ്പോൾ നേരെ നടക്കാൻ പോലും രാജേഷിനാവില്ല.
പല വാതിലുകൾ മുട്ടിയിട്ടും രാജേഷിനെ സഹായിക്കാൻ മനസുള്ളവർ കുറവായിരുന്നു. എങ്കിലും വൈകല്യത്തിന് മുന്നിൽ മുട്ടുമടക്കാതെ തളരാനുള്ളതല്ല ജീവിതമെന്ന ഉറച്ച തീരുമാനവുമായി കഴിയാവുന്ന ജോലി ചെയ്ത് ജീവിതം നയിക്കുകയാണ് ഈ യുവാവ്. കുട്ടിക്കാലം വിട്ടപ്പോൾ ജീവിക്കാൻ വഴി തേടിയെങ്കിലും വിജയിക്കാതെ വന്നപ്പോൾ കഴിയാവുന്ന ജോലി രാജേഷ് തന്നെ കണ്ടെത്തുകയായിരുന്നു. പല സുന്ദര കലാരൂപങ്ങളും വീട്ടിൽ തയാറാക്കി തുടങ്ങി. ഇത് പലരുടേയും ശ്രദ്ധയിൽപെട്ടതോടെ തെർമോക്കോളിൽ നിർമ്മിക്കുന്ന രൂപങ്ങൾക്ക് ആവശ്യക്കാരെത്തി തുടങ്ങി. ഉത്സവ പറമ്പുകളിലും മറ്റും രാജേഷിന്റെ കലാവിരുതുകൾ പ്രദർശിപ്പിച്ചു തുടങ്ങി. കല്യാണ വീടുകളിലും രാജേഷ് ഭംഗിയാർന്ന പല രൂപങ്ങളുമെത്തിച്ചു. രാജേഷിന്റെ അവസ്ഥയോർത്ത് ആവശ്യമില്ലാത്തവരും ഇത് വാങ്ങി. ഇത് രാജേഷിന് പ്രോത്സാഹനമായി. പക്ഷെ പല സ്ഥലങ്ങളിലുമെത്താൻ രാജേഷിനുള്ള വൈകല്യത്തെ തുടർന്നാകുന്നില്ല.
ഇതിനിടയിൽ നാദാപുരത്തും എടച്ചേരിയിലും നടന്ന പാലിയേറ്റീവ് ക്യാമ്പുകളിൽനിന്ന് കുട നിർമ്മിക്കുന്നതിൽ പരിശീലനവും നേടി. ഇപ്പോൾ ഒരു കാലും ഒരു കൈയും ഉപയോഗിച്ച് രാജേഷ് കുട നിർമ്മിക്കുന്നത് കണ്ടാൽ അതിശയിച്ചു പോകും. അരൂർ കോട്ട് മുക്കിലെ ഒരു കടവരാന്തയിൽ കുട റിപ്പയറിങ്ങും നിർമ്മാണവുമാണിപ്പോൾ. കാൽ കൊണ്ട് സൂചിയിൽ നൂൽ കോർക്കുന്നതും ചവണ ഉപയോഗിച്ച് വില്ലുകൾ ഘടിപ്പിക്കുന്നതും കണ്ടാൽ മനസ്സിൽ വേദനയൂറും. ജോലിക്കിടയിൽ ഇടത് കൈ മടങ്ങിപ്പോകുമ്പോൾ ഇടത് കാലിനുള്ളിലാക്കിയാണ് കുട നിർമ്മാണം.