തിരുവനന്തപുരം - പട്ടികജാതി പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍' എന്ന പേരിലാണ് പരിശോധന നടത്തിയത്. 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ച് കോര്‍പ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസര്‍മാരുടെയും അനുബന്ധ സെക്ഷനുകളിലും ചൊവ്വാഴ്ച രാവിലെ 11 മുതലാണ് ഒരേ സമയം വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, പഠന മുറികളുടെ നിര്‍മ്മാണം തുടങ്ങിയവ അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ലഭ്യമായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.